News - 2024

അരനൂറ്റാണ്ടോളം ഇന്ത്യന്‍ സെമിനാരി വിദ്യാർത്ഥികളെ പരിശീലിപ്പിച്ച ബെൽജിയൻ വൈദികൻ അന്തരിച്ചു

പ്രവാചക ശബ്ദം 19-09-2020 - Saturday

റാഞ്ചി: ഭാരതത്തിലെ സെമിനാരി വിദ്യാർത്ഥികളെ അരനൂറ്റാണ്ടോളം പരിശീലിപ്പിച്ച ബെൽജിയൻ സ്വദേശിയായ കത്തോലിക്ക വൈദികൻ അന്തരിച്ചു. സെമിനാരി അധ്യാപകൻ, ധ്യാനപ്രസംഗകൻ, കൗൺസിലർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ച ഈശോ സഭാവൈദികനായ ഫാ. എറിക്ക് ബ്രേ (79)യാണ് ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽവച്ച് ഇന്നലെ മരണമടഞ്ഞത്. ഹൃദയാഘാതമായിരിന്നു.

1940 ഡിസംബർ 10ന് ബെൽജിയത്തിലെ ഇസജെമ്മിലാണ് ഫാ. എറിക് ബ്രേ ജനിച്ചത്. 1959 സെപ്തംബർ 7ന് ഈശോ സഭയിൽ ചേർന്ന അദ്ദേഹം 1965-ല്‍ വൈദിക വിദ്യാർത്ഥിയാണ് റാഞ്ചിയിൽ എത്തിയത്. റാഞ്ചി സെന്റ് ആൽബർട്ട്സ് കോളജിലും, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിലും ലുവെനിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

മെത്രാൻമാരും സന്യസ്തരും വൈദികരും അൽമായരുമെല്ലാം അദ്ദേഹത്തിന്റെ പിതൃനിർവ്വിശേഷമായ സ്നേഹവും കാരുണ്യവും എക്കാലവും അനുഭവിച്ചിരുന്നുവെന്ന് ഫാ. എറിക് ബ്രേ നാലു പതിറ്റാണ്ട് സേവനമനുഷ്ഠിച്ച റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജ് പ്രസിഡന്‍റ് ഫാ. ജോൺ ക്രാസ്റ്റ അനുസ്മരിച്ചു. റാഞ്ചി ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോയുടെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടന്നു. ബിഷപ്പുമാരായ ബിനയ് കാൺഡുൽനായും തിയോഡോർ മസ്ക്രീനാസും സഹകാർമ്മികരായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബഹുജന പങ്കാളിത്തമില്ലാതെയായിരിന്നു ചടങ്ങുകള്‍.


Related Articles »