News - 2024

സ്‌പെയിനില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

പ്രവാചകശബ്ദം 16-12-2024 - Monday

മാഡ്രിഡ്: സ്പെയിനില്‍ കാലങ്ങളായി കുറവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ദ്ധനവ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരം കവിഞ്ഞു. 239 പേര്‍ പുതുതായി സെമിനാരിയില്‍ ചേര്‍ന്നതോടെയാണ് എണ്ണം ആയിരം കവിഞ്ഞത്. 103 വിദേശ വിദ്യാര്‍ത്ഥികളും സ്പെയിനില്‍ വൈദീക പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്പെയിനില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ മാറ്റിമറിച്ചാണ് വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 69 രൂപതകളിലും, സൈനീക അതിരൂപതയിലുമായി 1036 വിദ്യാര്‍ത്ഥികളാണ് സെമിനാരികളിലുള്ളത്.

2023-2024 കാലയളവില്‍ ഇത് 956, 2022-2023 കാലയളവില്‍ 974 ആയിരുന്നു. 1,036 സെമിനാരി വിദ്യാര്‍ത്ഥികളില്‍ 79% (825) രൂപതാ സെമിനാരികളിലാണ് പരിശീലനം നടത്തുന്നത്. 211 പേര്‍ റിഡംപ്റ്ററിസ് മാറ്റര്‍ സെമിനാരികളില്‍ പഠിക്കുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി ചേര്‍ത്താല്‍ 2024-2025 കാലയളവിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 1,239 ആണെന്നാണ് കണക്ക്. പുതുതായി ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ 35% വര്‍ദ്ധനവാണ് ഉള്ളത്. സെമിനാരി പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇത് 106 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 86 ആയി കുറഞ്ഞിട്ടുണ്ട്. 2023-2024 കാലയളവില്‍ 85 നവ വൈദികരും, 69 ഡീക്കന്‍മാരുമാണ് സ്പെയിനില്‍ തിരുപ്പട്ട സ്വീകരണം നടത്തിയത്. കോവിഡിന് ശേഷം സഭയുടെ മൊത്തം അജപാലക ശുശ്രൂഷകളുടേയും, യുവജന, ദൈവവിളി ശുശ്രൂഷകളുടേയും പുനരുജ്ജീവനം, 2023-ല്‍ ലിസ്ബണില്‍ നടന്ന ലോകയുവജന ദിനഘോഷത്തിലൂടെ നിരവധി പേര്‍ ദൈവവിളിയില്‍ ആകൃഷ്ട്ടരായത് തുടങ്ങിയവയാണ് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള കാരണമായി ഫ്രഞ്ച് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടുന്നത്. തന്റെ മനസ്സറിഞ്ഞ് നമുക്ക് ഇടയന്‍മാരെ തരുമെന്ന തന്റെ വാഗ്ദാനം ദൈവം പാലിക്കുന്നു എന്നതാണ് ഏറ്റവും പരമപ്രധാനമായ കാരണമായി മെത്രാന്മാര്‍ പറയുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »