News
നൈജീരിയയിലെ ക്രൈസ്തവർ ഓരോ ദിവസവും തള്ളിനീക്കുന്നത് കൊല്ലപ്പെടുമെന്ന ഭയത്തില്‍: വൈദികന്‍റെ വെളിപ്പെടുത്തൽ
പ്രവാചക ശബ്ദം 20-09-2020 - Sunday
കടൂണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സമീപവര്‍ഷങ്ങളിലായി ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങളിലെ വര്‍ദ്ധനവ് വിശ്വാസികളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും ഓരോ ദിവസവും തള്ളിനീക്കുന്നത് കൊല്ലപ്പെടുമെന്ന ഭയത്തിലാണെന്നും നൈജീരിയന്‍ കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. അടുത്ത അക്രമ പരമ്പര എപ്പോഴാണെന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവർ കഴിയുന്നതെന്നും ‘വൊക്കേഷന്‍സ് ഫോര്‍ ദി സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ ഡയറക്ടറായ ഫാ. സാം എബൂട്ടെ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍)നു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏഴ് ആഴ്ചകളായി തങ്ങളുടെ ഇടവകക്കാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന തിരക്കിലാണെന്നും, സ്വന്തം വീട്ടില്‍ പോലും ഭയമില്ലാതെ കഴിയുവാന്‍ തങ്ങള്‍ക്കാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴു മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് മാത്രം 178 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളുടെ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെടുമോ എന്ന ഭീതിയില്‍ തങ്ങള്‍ പുറത്തിറങ്ങാറില്ലെന്നും, കൃഷിയിറക്കേണ്ട ഈ സമയത്ത് കൃഷിയിടത്തില്‍ പോലും പോകുവാന്‍ തങ്ങള്‍ക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദികളുടേയും, ഗോത്രവര്‍ഗ്ഗക്കാരുടേയും, ആക്രമണങ്ങളും, തട്ടീക്കൊണ്ടുപോകലും, കവര്‍ച്ചയും തടയുവാന്‍ നൈജീരിയന്‍ ഭരണകൂടം യാതൊരു നടപടിയും കൈകൊള്ളാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഫാ. എബൂട്ടെ ചൂണ്ടിക്കാട്ടി. തന്റെ ഇടവകാംഗങ്ങളായ 21 പേരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തു കഴിഞ്ഞു. കുംകും ഡാജി ഗ്രാമത്തിലുണ്ടായ ആക്രമണത്തിലും കവര്‍ച്ചയിലും കൊല്ലപ്പെട്ടവരാണിവര്‍. യുവജന കൂട്ടായ്മയിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് ഇരമ്പികയറിയ കൊള്ളക്കാര്‍ വെറും രണ്ടു മണിക്കൂറിനുള്ളില്‍ യുവതികള്‍ ഉള്‍പ്പെടെ 17 പേരെയാണ് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ബാക്കി നാലു പേര്‍ മരണമടഞ്ഞത്.
ഫാ. എബൂട്ടെയുടെ വെളിപ്പെടുത്തലിന് സമാനമായ വസ്തുത തന്നെയാണ് കടൂണയിലെ മെത്രാന്മാര്‍ 'എ.സി.എന്‍’നു അയച്ച പ്രസ്താവനയിലും പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ നിരന്തരം ആക്രമങ്ങള്‍ക്കും, കവര്‍ച്ചക്കും ഇരയായികൊണ്ടിരിക്കുകയാണെന്നു മെത്രാന്‍മാര്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമിന്റേയും, ഗോത്രവര്‍ഗ്ഗക്കാരുടേയും, കവര്‍ച്ചക്കാരുടേയും സ്ഥിരം ഇരകളായി തങ്ങള്‍ മാറിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. നൈജീരിയയിലെ ക്രൈസ്തവർക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഈ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം ദിനംപ്രതി രൂക്ഷമാകുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക