News

വിശുദ്ധ കുര്‍ബാനയ്ക്കുള്ള നിയന്ത്രണങ്ങള്‍ ദൈവത്തോടുള്ള പരിഹാസം: സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത

പ്രവാചക ശബ്ദം 21-09-2020 - Monday

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തില്‍ പൊതു ജനപങ്കാളിത്തതോടെയുള്ള കുര്‍ബാനകള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ദൈവനിന്ദയും വിശുദ്ധ കുര്‍ബാനയോടുള്ള പരിഹാസവുമാണെന്ന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോറെ കോര്‍ഡിലിയോണ്‍. സെപ്റ്റംബര്‍ 14 മുതല്‍ പൊതു ആരാധനകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുവാനുള്ള സാന്‍ഫ്രാന്‍സിസ്കോ മേയര്‍ ലണ്ടന്‍ ബ്രീഡിന്റെ തീരുമാനത്തോടുള്ള എതിര്‍പ്പ് അറിയിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ മഹത്തായ കത്തീഡ്രലില്‍ ഒരു സമയം ഒരാള്‍? എന്തൊരു അപമാനം. ഇത് പരിഹാസമാണ്. അവര്‍ നിങ്ങളെ കളിയാക്കുകയാണ്. അവര്‍ ദൈവത്തേകൂടി കളിയാക്കുകയാണെന്നതാണ് ഏറ്റവും നിന്ദ്യമായ കാര്യം”. മെത്രാപ്പോലീത്ത തുറന്നടിച്ചു.

“വിശുദ്ധ കുര്‍ബാനക്ക് വേണ്ടി മാസങ്ങളായി ഞാന്‍ നഗരത്തിലെ അധികാരികളോട് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിറ്റി ഹാള്‍ അതെല്ലാം അവഗണിച്ചു. അവര്‍ നിങ്ങളെ കാര്യമായെടുക്കുന്നില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കുറച്ചു കാലമായി നമ്മള്‍ ഇത് സഹിക്കുകയാണ്. നമ്മുടെ വിശ്വാസത്തിനും, ദൈവത്തിനും വേണ്ടി സാക്ഷ്യം വഹിക്കുവാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ കത്തോലിക്കര്‍ പൗരത്വത്തിന്റെ ഉത്തരവാദിത്വം കൂടി നിറവേറ്റണമെന്നും ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെന്റ്‌ ആന്റണി, സെന്റ്‌ പാട്രിക്, സ്റ്റാര്‍ ഓഫ് ദി സീ എന്നീ മൂന്ന്‍ ഇടവകകളില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് സാന്‍ ഫ്രാന്‍സിസ്കോ സിറ്റി ഹാളിനു സമീപമുള്ള യുണൈറ്റഡ് നേഷന്‍സ് പ്ലാസായില്‍വെച്ച് ഒരുമിക്കുകയും സാന്‍ഫ്രാന്‍സിസ്കോ കത്തീഡ്രലിന് പുറത്തുവച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുകയുമായിരുന്നു. കോവിഡിനെ തുടര്‍ന്നു അമേരിക്കയില്‍ വിശുദ്ധ കുര്‍ബാനക്ക് ഏറ്റവും കര്‍ക്കശമായ നിയന്ത്രണങ്ങളുള്ള നഗരമാണ് സാന്‍ഫ്രാന്‍സിസ്കോ.

ദേവാലയത്തിന് പുറത്തുവെച്ചുള്ള ആരാധനകളില്‍ അന്‍പതു പേരില്‍ കൂടുതല്‍ പാടില്ലെന്നും, ദേവാലയത്തിനകത്ത് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയുള്ളുവെന്നുമാണ് മേയറുടെ പ്രഖ്യാപനത്തില്‍ പറയുന്നത്. ഒക്ടോബര്‍ മുതല്‍ 25 പേരായി ഉയര്‍ത്താമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് സാന്‍ഫ്രാന്‍സിസ്കോ കത്തീഡ്രലിന്റെ ശേഷിയുടെ 1% മാത്രമാണെന്നാണ് മെത്രാപ്പോലീത്ത പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഹോട്ടലുകള്‍ക്ക് പൂര്‍ണ്ണമായി തുറക്കുവാനും, ഇന്‍ഡോര്‍ ജിമ്മുകള്‍ക്കും, റിട്ടെയില്‍ സ്റ്റോറുകള്‍ക്കും, ജിമ്മുകള്‍ക്കും, ബ്യൂട്ടി സലൂണുകള്‍ക്കും ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഭരണകൂടം ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »