Arts - 2025
ഐഎസ് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തി
പ്രവാചക ശബ്ദം 26-09-2020 - Saturday
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇറാഖിസേന കണ്ടെത്തി. ഇറാഖിലെ വടക്കന്‍ നിനവേ ഗവര്‍ണറേറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗമെന്ന സംശയത്തെത്തുടര്‍ന്ന്‍ അറസ്റ്റ് ചെയ്ത വ്യക്തിയുടെ വീടിന്റെ അടുക്കളയില്‍ ഒളിപ്പിച്ച മുപ്പത്തിരണ്ടോളം ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികളാണ് കണ്ടെത്തിയത്. ഇറാഖിലെ ഐസിസ് അധിനിവേശ കാലഘട്ടമായ 2014-2017 കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പരിഗണിക്കപ്പെട്ടു വന്നിരുന്ന മൊസൂളിലെ അസ്സീറിയന്‍ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് സുപ്രധാനമായ കയ്യെഴുത്ത് പ്രതികള്‍. മൊസൂളിലെ പുരാതനനഗരത്തിലെ ബാബ് അല്‍ ജദീദ് ജില്ലയില്‍ നിന്നുമാണ് പുരാവസ്തുപരമായി പ്രാധാന്യമുള്ള ഈ കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തിയതെന്ന്‍ മൊസൂള്‍ പോലീസ് ചീഫ് ലെയിത്ത് അല്‍ ഹംദാനി പറഞ്ഞു.
ഇസ്ലാമിക ഖലീഫേറ്റ് സ്ഥാപിക്കുമെന്ന അവകാശവാദത്തോടെ ഇറാഖിലും, സിറിയയിലും പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ മൂന്നു വര്‍ഷങ്ങളോളം നീണ്ട ആധിപത്യകാലത്ത് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ഒന്‍പതു മാസങ്ങള്‍ നീണ്ട അന്താരാഷ്‌ട്ര സംയുക്ത സൈനീക നീക്കത്തെ തുടര്‍ന്ന്‍ 2017 അവസാനത്തോടെയാണ് മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് അന്ത്യം കുറിച്ചത്. ഇതിനിടെ നടന്ന ആക്രമണങ്ങളില്‍ ആയിരകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും, ഒന്‍പത് ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് ഇറാഖി ക്രിസ്ത്യാനികള്‍. മൊസൂളിലെ ഐസിസിന്റെ അധിനിവേശം നഗരത്തിലെ ക്രൈസ്തവരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ, സംരക്ഷണത്തിനുള്ള നികുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന ജിഹാദികളുടെ ഭീഷണിയെത്തുടര്‍ന്ന്‍ ഭൂരിഭാഗം ക്രൈസ്തവരും നഗരം വിട്ട് പലായനം ചെയ്തിരിന്നു. ഇതേ തുടര്‍ന്നു രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വന്‍ കുറവാണ് യുദ്ധത്തിന് ശേഷം ഉണ്ടായത്. 2003-ന് മുന്‍പ് 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഐസിസിന്റെ ഭരണം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് തന്നെ 8,00,000-ത്തോളം പേര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിരുന്നു. ശേഷിച്ച ക്രൈസ്തവര്‍ ഐസിസ് ഭരണത്തോടെ മറ്റ് മേഖലകളിലേക്കും കുടിയേറുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)