Faith And Reason - 2024

‘പ്രാർത്ഥനയുടെ നിമിഷം’: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ അമേരിക്ക

പ്രവാചക ശബ്ദം 03-10-2020 - Saturday

വാഷിംഗ്ടൺ ഡി‌സി: അശാന്തിയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഇക്കാലഘട്ടത്തില്‍ അമേരിക്കയിലുടനീളമുള്ള വിശ്വാസികളെ പ്രാർത്ഥനയിൽ ഒന്നിപ്പിക്കാനായി അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് ആഹ്വാനം ചെയ്ത വിര്‍ച്വല്‍ ജപമാലയജ്ഞം ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ 7നു നടക്കും. “പ്രാർത്ഥനയുടെ ഒരു നിമിഷം” എന്ന പേരിലാണ് ഓണ്‍ലൈന്‍ വഴി പ്രാര്‍ത്ഥനായത്നം ക്രമീകരിക്കുന്നത്. അമേരിക്കയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ജപമാല ചൊല്ലാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഷപ്പുമാരെ ആര്‍ച്ച് ബിഷപ്പ് ഗോമസ് ക്ഷണിച്ചു.

ഒക്ടോബർ 7ന് ഈസ്റ്റേൺ സമയം വൈകുന്നേരം 3 മണിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, ഫേസ്ബുക്ക് പേജിലും ഇത് സംപ്രേഷണം ചെയ്യും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള ഈ പ്രാർത്ഥനയുടെ നിമിഷത്തിൽ പങ്കുചേരാനും, ജപമാലരാജ്ഞിയുടെ തിരുനാൾ ദിനത്തില്‍ രാജ്യത്തിൻറെ സൗഖ്യത്തിനായി ദൈവമാതാവിന്റെ സഹായം തേടാനും, അതുവഴി യേശുവിലേക്കു നയിക്കപ്പെടാനും മെത്രാന്‍ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ജപമാലയിൽ പങ്കുചേരുന്നതിന്റെ ഫോട്ടോയും രാജ്യത്തിന് വേണ്ടിയുള്ള ഒരു നിയോഗവും, എവിടെനിന്നാണ് ജനങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുന്നത് എന്ന വിവരവും #RosaryForAmerica എന്ന ഹാഷ് ടാഗ് സഹിതം നവമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും ആഹ്വാനമുണ്ട്.

More Archives >>

Page 1 of 43