Faith And Reason

അത്ഭുതം ആവർത്തിച്ചു: ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിശുദ്ധ ജാനുയേരിയസിന്റെ രക്തം ദ്രാവക രൂപത്തിലായി

പ്രവാചക ശബ്ദം 21-09-2020 - Monday

നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ജാനുയേരിയസിന്റെ ഖരരൂപത്തിലുള്ള രക്തം തിരുനാള്‍ ദിനത്തില്‍ വീണ്ടും ദ്രാവക രൂപത്തിലായി. വിശുദ്ധന്റെ തിരുനാൾ ദിനമായ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 ശനിയാഴ്ചയാണ് ഖരരൂപത്തിലുള്ള രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം പതിവ് തെറ്റിക്കാതെ വീണ്ടും ആവര്‍ത്തിച്ചത്. അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തം ദ്രാവകരൂപത്തിലായെന്ന് നേപ്പിള്‍സ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ പ്രഖ്യാപനം നടത്തി.

പകര്‍ച്ചവ്യാധി നിയന്ത്രണങ്ങൾ മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സമയത്ത് കത്തീഡ്രൽ ദേവാലയത്തിൽ ഉണ്ടായിരുന്നുള്ളൂ. സ്നേഹിതരെ, നമ്മുടെ രക്തസാക്ഷിയും, മധ്യസ്ഥനുമായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം ദ്രാവകരൂപത്തിലായത് ഒരുപാട് സന്തോഷത്തോടെ ഞാൻ അറിയിക്കുന്നുവെന്നായിരിന്നു പ്രഖ്യാപനം. ഈ അത്ഭുതം ദൈവത്തിന്റെ നന്മയുടെയും, കരുണയുടെയും, സ്നേഹത്തിന്റെയും, വിശുദ്ധന്റെ സൗഹൃദത്തിന്റെയും, സാഹോദര്യത്തിന്റെയും അടയാളമാണെന്നും കർദ്ദിനാൾ സെപ്പെ പറഞ്ഞു.

നേപ്പിൾസിന്റെ മധ്യസ്ഥനാണ് വിശുദ്ധ ജാനുയേരിസ്. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.

ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വിശുദ്ധന്റെ എല്ലിൻ കഷണങ്ങളും നേപ്പിള്‍സ് കത്തീഡ്രൽ ദേവാലയത്തിൽ സൂക്ഷിക്കുന്നുണ്ട്. 2015-ല്‍ നേപ്പിൾസിൽ ആർച്ച് ബിഷപ്പ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് കട്ടപിടിച്ച രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 42