News - 2025

ചൈനയില്‍ ക്രിസ്ത്യന്‍ ബുക്ക്‌സ്റ്റോര്‍ ഉടമക്ക് ഏഴു വര്‍ഷത്തെ തടവും 30,000 ഡോളര്‍ പിഴയും

പ്രവാചക ശബ്ദം 04-10-2020 - Sunday

ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസിയായ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറിന്റെ ഉടമസ്ഥന് ഏഴു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ച് ചൈനീസ് ഭരണകൂടം. തടവിനു പുറമേ ഏതാണ്ട് മുപ്പതിനായിരം യുഎസ് ഡോളറിന്റെ പിഴയും വിധിച്ചിട്ടുണ്ട്. ഷേജിയാങ് പ്രവിശ്യയിലെ തായിഷോ നഗരത്തില്‍ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോര്‍ നടത്തിക്കൊണ്ടിരുന്ന ‘ചെന്‍ യു’ എന്ന ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് പുറത്തുവിട്ടിരിക്കുന്നത്. തായ്വാനില്‍ നിന്നും, അമേരിക്കയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വിശുദ്ധ ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

ലിന്‍ഹായി നഗരത്തിലെ പീപ്പിള്‍സ് കോടതി ‘ചെന്‍ യു’വിന് 7 വര്‍ഷത്തെ തടവുശിക്ഷക്ക് പുറമേ, 2,00,000 ആര്‍.എം.ബി ($29,450) പിഴയും വിധിച്ചിട്ടുണ്ടെന്നു ചൈനീസ്‌ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിലെ ഫാ. ‘ഫ്രാന്‍സിസ് ലിയു’ പങ്കുവെച്ച കോടതി രേഖയില്‍ പറയുന്നു. ‘ചെന്‍ യു’വിന്റെ പക്കലുണ്ടായിരിന്ന 12,864 ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളും ലിന്‍ഹായി സിറ്റി പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ പിടിച്ചെടുത്തിട്ടുണ്ട്. ബുക്ക്സ്റ്റോറില്‍ നിന്നും ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങിയവരെക്കുറിച്ച് ദേശവ്യാപകമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നാണ് ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായാണ് സംഭവത്തെ എല്ലാവരും നോക്കികാണുന്നത്.

കഴിഞ്ഞ വര്‍ഷം ‘വീറ്റ് ബുക്ക്സ്റ്റോര്‍’ ഉടമ ‘ഷാങ് ഷവോമായി’യെ തടവിലാക്കിയതും ഇതേ ആരോപണം ഉന്നയിച്ചായിരിന്നു. ചൈനയിലെ ജനങ്ങള്‍ക്ക് ഇടയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2018-ല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബൈബിള്‍ വില്‍പ്പന നിരോധിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാണ് ചൈനയില്‍ നിയമപരമായി ബൈബിള്‍ വില്‍ക്കുവാന്‍ അനുവാദമുള്ളത്. ദേവാലയങ്ങളില്‍ സ്ഥാപിച്ചിരുന്ന ആയിരകണക്കിന് കുരിശുരൂപങ്ങള്‍ തകര്‍ത്തതും ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ചൈനീസ് ഭരണകൂടം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കനുസൃതമായി ബൈബിള്‍ മാറ്റിയെഴുതുവാന്‍ ശ്രമിക്കുന്നുവെന്ന് യു.എസ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »