News - 2025
ആശ്വാസ വാര്‍ത്ത: വ്യാജ മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പാക്ക് ക്രൈസ്തവന്റെ വധശിക്ഷ റദ്ദാക്കി
പ്രവാചക ശബ്ദം 07-10-2020 - Wednesday
ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദക്കുറ്റത്തിന് ഇരയാക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ലാഹോറിലെ സെന്റ് ജോസഫ്‌സ് ക്രിസ്ത്യന്‍ കോളനി സ്വദേശിയായ സാവന്‍ മസീഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചിരിക്കുന്നത്. മസീഹ് സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. 2014 മാര്‍ച്ചിലാണ് മസീഹ് അറസ്റ്റിലാവുന്നത്. ഒരു മുസ്ലിമുമായുള്ള സംസാരത്തിനിടെ ഇദ്ദേഹം മതനിന്ദ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ കൂട്ടമായി അധിവസിച്ചിരിന്ന കോളനി വലിയ ആക്രമണത്തിനിരയായിരുന്നു.
നൂറു ഭവനങ്ങളാണ് അഗ്‌നിക്കിരയാക്കപ്പെട്ടത്.ഇതേ തുടര്‍ന്നു സകലതും ഉപേക്ഷിച്ച് നൂറുകണക്കിന് ക്രൈസ്തവര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. കോളനിയിലെ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിച്ച ചില ബിസിനസുകാര്‍ മതനിന്ദാനിയമം ദുരുപയോഗിക്കുകയായിരുന്നുവെന്ന് മസീഹ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിന്നു. മസീഹിന്‍റെ അഭിഭാഷകന്‍ പോലീസിന്റെയും വിചാരണക്കോടതിയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തെളിവുകള്‍ സഹിതം വിവരിച്ചതോടെയാണ് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി മസീഹിനെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് എന്ന യുവാവിന് ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന കെട്ടിച്ചമച്ച ആരോപണത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം.
പതിറ്റാണ്ടുകളായി രാജ്യത്തെ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്നും, പാക്കിസ്ഥാന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-C യുടെ ഭേദഗതിയിലൂടെ ശക്തമായ മതനിന്ദാ നിയമം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്ന ആരോപണം വര്‍ഷങ്ങളായി പ്രബലമാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക