News

ശ്രീലങ്കന്‍ ഈസ്റ്റർ സ്ഫോടനത്തിലെ പ്രതികളെ ജയിൽ മോചിതരാക്കി: വിമര്‍ശനവുമായി കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത്

പ്രവാചക ശബ്ദം 07-10-2020 - Wednesday

കൊളംബോ: കഴിഞ്ഞ വര്‍ഷം ഉയിർപ്പ് ഞായറാഴ്ച ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിച്ചതിനെതിരെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. പ്രതികളെന്നു സംശയിക്കുന്നവരെ മോചിപ്പിച്ചതോടെ ആകമണത്തെക്കുറിച്ചുള്ള അന്വേഷണം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. റിയാജ് ബദ്ദിയുദ്ദിൻ എന്നയാളെയാണ് 168 ദിവസത്തെ കസ്റ്റഡിക്ക് ശേഷം തെളിവില്ലായെന്ന് ചൂണ്ടിക്കാട്ടി മോചിപ്പിച്ചിരിക്കുന്നത്. എന്നാൽ പലവ്യക്തികൾക്കെതിരെയും തെളിവുകളുണ്ടെന്ന് അന്വേഷണ ഏജൻസിയുടെ തലപ്പത്തുള്ളവർ നേരത്തെ വെളിപ്പെടുത്തിയതായി കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു.

തീരുമാനം ദുഃഖകരമാണെന്നും ഒക്ടോബർ 3ന് നടത്തിയ പത്രസമ്മേളനത്തിൽ കർദ്ദിനാൾ പറഞ്ഞു. മുൻമന്ത്രി റിഷാദ് ബദിയുദ്ദിന്റെ സഹോദരനാണ് മോചിക്കപ്പെട്ടതെന്നത് സംശയത്തിന് കൂടുതല്‍ ഇട നൽകുന്നതാണെന്ന് കർദ്ദിനാളിനോടൊപ്പം ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും അഭിപ്രായപ്പെട്ടു. ആക്രമണത്തിൽ ശാരീരികവും മാനസികവുമായി മുറിപ്പെട്ടവർ നീതിക്കായി കാത്തിരിക്കുമ്പോൾ അന്വേഷണം തികച്ചും തെറ്റായ വഴിയിലൂടെ നീങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. സെപ്തംബർ 15ന് റിയാജ് ബദിയുദ്ദിൻ ചാവേറുകളിൽ ഒരാളെ ഹോട്ടലിൽ സന്ദർശിച്ചിരുന്നതായി പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നതും. റിയാജ് ബദിയുദ്ദിൻ ചില പ്രത്യേക സംഘടനകൾ രൂപീകരിക്കുകയും സ്ഫോടനം നടത്തിയവരുമായി സഹകരിക്കുകയും ചെയ്തിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷ്ണല്‍ തൗഹീദ് ജമാഅത്ത് മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ഒരു ആഡംബര ഹോട്ടലിലും നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 279 പേര്‍ മരിക്കുകയും അഞ്ഞൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.

റിയാജിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഏഴ് പ്രതികളിൽ നാല് പേരെയും കോടതിയിൽ പോലും ഹാജരാക്കാതെ വിട്ടയക്കുകയാണുണ്ടായതെന്ന് സ്ഫോടനത്തിൽ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട എസ്. ഫെർണാൻഡോ എന്നയാൾ വെളിപ്പെടുത്തി. പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുക്കുന്നതിനായി പ്രബല മുസ്ലിം നേതാവും എംപിയുമായ റിഷാദ് ബദിയുദ്ദിനുമായി രാജപക്സെ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബർ 4ന് കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷനൽകണമെന്ന് ആവശ്യപ്പെട്ട് കട്ടുവാപിടിയയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിന് മുന്‍പില്‍ ഈസ്റ്റർ സ്ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കൾ പ്രകടനം നടത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »