India - 2024

ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: സിഎംഐ സഭ രാഷ്ട്രപതിക്കു കത്തയച്ചു

പ്രവാചക ശബ്ദം 12-10-2020 - Monday

കൊച്ചി: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി അഞ്ചു പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക രേഖപ്പെടുത്തി സിഎംഐ സന്യാസസഭ. ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസ സഭയായ സിഎംഐ സഭ രാഷ്ട്രപതിക്കു കത്തയച്ചു. ഒക്ടോബര്‍ അഞ്ചു മുതല്‍ 11 വരെ നടന്ന സിഎംഐ സഭയുടെ പരമോന്നത സമിതിയായ മുപ്പത്തെട്ടാം പൊതുസംഘത്തിന്റെ രണ്ടാം സമ്മേളനത്തില്‍ ഈ വിഷയത്തില്‍ നടുക്കം രേഖപ്പെടുത്തുകയും ജെസ്യൂട്ട് സഭാ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ സമൂഹത്തിന്റെയും മറ്റ് അവഗണിക്കപ്പെട്ടവരുടെയും സാമൂഹ്യനീതിക്കും അതുവഴി രാഷ്ട്ര പുരോഗതിക്കും ഉതകുന്ന വിദ്യാഭ്യാസ, സാമൂഹ്യസേവന കര്‍മങ്ങള്‍ ചെയ്യുന്ന ഫാ. സ്റ്റാന്‍ സ്വാമി ഏവര്‍ക്കും പ്രചോദനം നല്‍കുന്ന ജീവിതത്തിനുടമയാണ്. 83 വയസുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അനാരോഗ്യം പരിഗണിച്ചും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ചും രാഷ്ട്രപതി അടിയന്തരമായി ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നു സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ പറഞ്ഞു.


Related Articles »