News - 2025
കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നാല് മില്യണ്‍ ഡോളറിന്റെ സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
പ്രവാചക ശബ്ദം 14-10-2020 - Wednesday
ലിവര്‍പ്പൂള്‍: കൊറോണ പകര്‍ച്ചവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൈത്താങ്ങ്. 1, 2 ഗ്രേഡുകളില്‍പ്പെട്ട കത്തോലിക്കാ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അനുദിന ചെലവുകള്‍ക്കുമായി സര്‍ക്കാരിന്റെ ഹെറിറ്റേജ് സ്റ്റിമുലസ് ഫണ്ടിന്റെ ഭാഗമായ കള്‍ച്ചര്‍ റിക്കവറി ഫണ്ടില്‍ നിന്നും 40 ലക്ഷം ഡോളറാണ് ഇംഗ്ലീഷ് മെത്രാന്‍ സമിതിയുടെ സ്ഥാപനമായ ‘ദി കാത്തലിക് ട്രസ്റ്റ് ഫോര്‍ ഇംഗ്ലണ്ട്'ന് ലഭിക്കുക. ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടാതെ വിശ്വാസികള്‍ക്കും, സന്ദര്‍ശകര്‍ക്കും വേണ്ടി ദേവാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.
മഹാമാരിയെ തുടര്‍ന്നു പ്രതിസന്ധിയിലായ കലാസംസ്കാരിക പൈതൃക മേഖലകളിലേക്കുള്ള മൊത്തം 200 കോടി ഡോളറിന്റെ സാമ്പത്തിക സഹായത്തിന് യോഗ്യത നേടിയ 445 സ്ഥാപനങ്ങളില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും മെത്രാന്‍ സമിതിയെയും ഉള്‍പ്പെടുത്തുകയായിരിന്നു. ഇതുള്‍പ്പെടുന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒക്ടോബര്‍ 9നാണ് പുറത്തുവിട്ടത്. ഗ്രേഡ് 2ല്‍ ഉള്‍പ്പെടുന്ന ലിവര്‍പൂളിലെ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പൊളിറ്റന്‍ ദേവാലയത്തിന് 6,00,000 ഡോളറും, ഗ്രേഡ് 1-ല്‍ ഉള്‍പ്പെടുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിന് 2,50,000 ഡോളറും ലഭിക്കും.
സാമ്പത്തിക സഹായത്തിനു, ഇംഗ്ലീഷ് ആന്‍ഡ് വെല്‍ഷ് ബിഷപ്പ്സ് പാട്രിമണി കമ്മിറ്റിയുടെ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് സ്റ്റാക്ക് സര്‍ക്കാരിനു നന്ദി അറിയിച്ചു. മഹത്തായ സഹായത്തിന് തങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണെന്നും, ലോക്ക്ഡൌണ്‍ കാലഘട്ടത്തില്‍ ദേവാലയങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചിരുന്നില്ലെന്നും, പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അതിജീവനത്തിനുള്ള ഫണ്ട് കണ്ടെത്തുവാന്‍ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ദേവാലയങ്ങള്‍ക്ക് ഈ സഹായം പുതിയ പ്രതീക്ഷ നല്‍കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക