News - 2025

മാര്‍ത്തോമ്മാ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു

18-10-2020 - Sunday

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാണ്.

പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പോലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. ‌സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പോലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു.

ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പോലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പോലീത്തയുടെ ആർദ്ര മനസ്സിന്റെ ഉദാഹരണമാണ്. മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയതും മെത്രാപ്പോലീത്തയാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തി.

മാരാമൺ പാലക്കുന്നത്ത് തീത്തൂസ് രണ്ടാമൻ മെത്രാപ്പോലീത്തയുടെ സഹോദരൻ കടോൺ തോമസിന്റെ മകൻ ലൂക്കോസിന്റെയും മാരാമൺ പുത്തൂർ വീട്ടിൽ മറിയാമ്മയുടെയും മകനായി 1931 ജൂൺ 27 നു ജനിച്ച ബേബി എന്നു വിളിപ്പേരുള്ള പി.ടി. ജോസഫാണ് പിൽക്കാലത്ത് ജോസഫ് മാർ ഐറേനിയസ് സഫ്രഗൻ മെത്രാപ്പോലീത്തയും തുടർന്ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായത്. മാരാമൺ കൺവൻഷൻ നഗറിനോടു ചേർന്ന പാലക്കുന്നത്തു കടോൺ തോമസ് പി. ലൂക്കോസ്, കറ്റാനം കാര്യാടിയിൽ മറിയാമ്മ, വെൺമണി കീരിക്കാട്ട് സരോ രാജൻ എന്നിവരാണ് സഹോദരങ്ങൾ.

കോഴഞ്ചേരി, മാരാമൺ, ആലുവ യുസി കോളജ്, ബെംഗളൂരു യുടി കോളജ്, വിർജീനിയ സെമിനാരി വൈക്ലിഫ് ഓക്സ്ഫോഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി എന്നിവിടങ്ങളിലെ  വിദ്യാഭ്യാസത്തിനു ശേഷം വിർജീനിയ സെമിനാരി, സെറാംപുർ സർവകലാശാല, അലഹാബാദ് കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് നേടി. മാരാമൺ മാർത്തോമ്മാ ഇടവകയിൽ അംഗമായ ഡോ. ജോസഫ് മാർത്തോമ്മാ 1957 ജൂൺ 29 നാണ് ശെമ്മാശനായത്. 1957 ഒക്ടോബർ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോമാർ തിമോത്തിയോസിനൊപ്പം എപ്പിസ്കോപ്പയായി. 1999 മാർച്ച് 15 നു സഫ്രഗനും 2007 ഒക്ടോബർ രണ്ടിനു മെത്രാപ്പോലീത്തയുമായി.

റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗ‍ൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്‌ഷൻ സിഎസ്ഐ– സിഎ‍ൻഐ– മാർത്തോമ്മാ സഭ ഐക്യസമിതി, മാർത്തോമ്മാ–യാക്കോബായ ഡയലോഗ് എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകൾ വഹിച്ചു. തിരുവനന്തപുരം ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ, തിരുവനന്തപുരം മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, ആയൂർ മാർത്തോമ്മാ കോളജ് ഓഫ് ടെക്നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചൽ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിട്ടു.

ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി. തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ അദ്ദേഹം ആഗോള ശ്രദ്ധനേടിയിരിന്നു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2007 ഒക്ടോബർ 2ന് ആണ് ഡോ. ജോസഫ് മാർ ഐറേനിയസ് മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാകുന്നത്.


Related Articles »