News - 2025
ക്രിസ്തുമസ് ഇറാഖികള്‍ക്കു ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണം: കര്‍ദ്ദിനാള്‍ സാകോ പ്രസിഡന്റിനോട്
പ്രവാചക ശബ്ദം 20-10-2020 - Tuesday
ബാഗ്ദാദ്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ് മുഴുവന്‍ ഇറാഖികള്‍ക്കും ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ കല്‍ദായ കത്തോലിക്കാ സഭയുടെ ബാബിലോണ്‍ പാത്രിയാര്‍ക്കേറ്റിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിക്ക് സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ശനിയാഴ്ച ഇറാഖി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് കര്‍ദ്ദിനാള്‍ സാകോ ഈ അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്.
കര്‍ദ്ദിനാളിന് ഊഷ്മളമായ സ്വീകരണം നല്‍കിയ പ്രസിഡന്റ് രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും, തീവ്രവാദികളുടെ മതപീഡനത്തെ ഭയന്ന് മൊസൂളില്‍ നിന്നും, നിനവേയില്‍ നിന്നും പലായനം ചെയ്ത ഇറാഖി ക്രിസ്ത്യാനികളെ സ്വദേശത്തെക്ക് തിരികെകൊണ്ടുവരുവാന്‍ തന്നേക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന്‍ ഉറപ്പുനല്‍കിയതായും കല്‍ദായ പാത്രിയാര്‍ക്കേറ്റിനേയും, ഇറാഖി പ്രസിഡന്റിനേയും ഉദ്ധരിച്ചുകൊണ്ട് ഔദ്യോഗിക വൃന്ദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ സജീവ പങ്കാളിത്തത്തില്‍ നിന്നും ഇറാഖി ക്രൈസ്തവരെ വിലക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബര്‍ഹാം സാലി എടുത്ത് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇറാഖി കുര്‍ദ്ദിഷ് വംശജനായ ബര്‍ഹാം സാലി മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖില്‍ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം ഇറാഖി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക