News - 2025

ലണ്ടനിലെ ദേവാലയത്തിൽ നിന്ന് അജ്ഞാതൻ കുരിശ് പിഴുതുമാറ്റി: വ്യാപക പ്രതിഷേധം

പ്രവാചക ശബ്ദം 19-10-2020 - Monday

ലണ്ടന്‍: പകല്‍ വെളിച്ചത്തില്‍ കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുകളിലുള്ള വലിയ കുരിശ് അജ്ഞാതനായ യുവാവ് പിഴുതെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം. സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്ന ആളുകളെ പോലും വകവെക്കാതേ യുവാവ് കുരിശ് പകല്‍ വെളിച്ചത്തില്‍ പിഴുതുമാറ്റുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ‘ലണ്ടന്‍ ആന്‍ഡ്‌ യു.കെ ക്രൈം’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ലഭിച്ച വീഡിയോ ‘ക്രൈംവാച്ച് യു.കെ’ എന്ന ഫേസ്ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 18-നാണ് സംഭവം നടന്നതെന്നു കരുതപ്പെടുന്നു.

താന്‍ ധരിച്ചിരുന്ന കോട്ട് കുരിശിന്റെ മുകളില്‍ തൂക്കി തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് യുവാവ് കുരിശ് ഇളക്കി മാറ്റുവാന്‍ ശ്രമിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് ശേഷമുണ്ടായ ജനരോഷത്തെ തുടര്‍ന്ന്‍ സംശയിക്കപ്പെടുന്ന ഒരാളെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുരിശ് കണ്ടെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചുവെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും ബാര്‍കിംഗ് ആന്‍ഡ്‌ ഡാഗെന്‍ഹാം മെട്രോപ്പൊളിറ്റന്‍ പോലീസ് അറിയിച്ചു. വിഷയത്തിൽ വ്യാപക അന്വേഷണം നടന്നുവരികയാണ്. അതേസമയം ഹീനമായ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ച ഉടന്‍തന്നെ തങ്ങള്‍ സംഭവസ്ഥലത്തെത്തിയെന്നും “കുറ്റകരമായ നാശനഷ്ടം” വരുത്തിയതായി സംശയിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞതായി ബ്രേബര്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതവിദ്വേഷവുമായി ബന്ധപ്പെട്ടതൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യൂറോപ്പിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നതായി നേരത്തെയും റിപ്പോർട്ട് പുറത്തുവന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 592