News - 2025
എംസിബിഎസ് സഭയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം
വിജിലന്റ് കാത്തലിക്/ പ്രവാചകശബ്ദം 17-10-2020 - Saturday
"തമ്മിലടി രൂക്ഷം, എംസിബിഎസ് സഭയുടെ ഭരണം മാർപ്പാപ്പ ഏറ്റെടുത്തു" എന്ന തലക്കെട്ടിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി ഓൺലൈൻ മഞ്ഞപ്പത്രങ്ങളിലാണ് ഒരേ വ്യാജവാർത്ത പ്രചരിക്കുന്നതായി കാണുന്നത്. വാർത്തയ്‌ക്കൊപ്പം മിക്ക പോർട്ടലുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക സർക്കുലറിൽ വാസ്തവമെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, വാർത്തയായി നൽകിയിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണ്. ഒരേ വാചകങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ ഓൺലൈൻ പോർട്ടലുകളും തങ്ങളുടെ വാർത്തയിൽ നൽകിയിരിക്കുന്നത് എന്നതിനാൽ, ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത് ഏതോ ചില വ്യക്തികളുടെ ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായാവണം. കേരളത്തിലും വെളിയിലും മാതൃകാപരമായി ശുശ്രൂഷ ചെയ്യുന്ന ഒരു സന്യാസ സമൂഹത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ പൊതുസമൂഹവും, ക്രൈസ്തവരും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
വാസ്തവമെന്ത്?
വിരലിലെണ്ണാവുന്ന സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകളും അത്തരത്തിൽ രൂപപ്പെട്ട അനാവശ്യ തർക്കങ്ങളും മൂലം ചില അസ്വസ്ഥതകൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി എംസിബിഎസ് സന്യാസസമൂഹത്തിൽ രൂപപ്പെട്ടിരുന്നു എന്നുള്ളത് വാസ്തവമാണ്. എംസിബിഎസ് പോലുള്ള പൊന്തിഫിക്കൽ കോൺഗ്രിഗേഷനുകളുടെ കാര്യത്തിൽ ഇത്തരം ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്ന പക്ഷം, സർവ്വസമ്മതനായ, പുറത്തുനിന്നുള്ള ഒരു വ്യക്തിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുക എന്നുള്ളത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്. സമാന സാഹചര്യങ്ങളിൽ മറ്റ് പല കോൺഗ്രിഗേഷനുകളുടെ കാര്യത്തിലും വത്തിക്കാനിൽനിന്ന് ഇത്തരം വ്യക്തികളെ നിയമിക്കുകയുണ്ടായിട്ടുണ്ട്. ഇരുപക്ഷങ്ങൾക്കും പറയാനുള്ളത് കേട്ട് വാസ്തവങ്ങൾ വിലയിരുത്തി തിരുസംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവാദിത്തമേൽപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ടൈറ്റിൽ അപ്പസ്തോലിക്ക് വിസിറ്റർ എന്നതായിരിക്കും.
കോൺഗ്രിഗേഷന്റെ ഭരണവുമായി പ്രസ്തുത വ്യക്തിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ചുമതലകളും, അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് പതിവുപോലെതന്നെ സുപ്പീരിയർ ജനറാളിലും പ്രൊവിൻഷ്യൽ സുപ്പീരിയർമാരിലുമായായിരിക്കും. എംസിബിഎസ് കോൺഗ്രിഗേഷന്റെ വിഷയത്തിൽ ചിലർ നിരന്തരമായി റോമിലേക്ക് പരാതികൾ അയയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിഎംഐ വൈദികനും മുൻ പ്രയോർ ജനറാളുമായ ഫാ. പോൾ ആച്ചാണ്ടിയെ അപ്പസ്തോലിക്ക് വിസിറ്ററായി നിയോഗിക്കാൻ പൗരസ്ത്യ തിരുസംഘം തീരുമാനിച്ചത്.
തന്റെ സഭാംഗങ്ങൾക്കായി എംസിബിഎസ് സുപ്പീരിയർ ജനറാൾ ഒക്ടോബർ പതിനഞ്ചിന് എഴുതിയിരിക്കുന്ന സർക്കുലറിൽ വളരെ വ്യക്തമായി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അപ്പസ്തോലിക്ക് നൂൺഷ്യോയിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതിനപ്പുറം മറ്റ് രേഖകളൊന്നും ലഭ്യമല്ല. ജനറാളച്ചൻ പറഞ്ഞിരിക്കുന്നത് വാസ്തവമല്ല എന്ന അഭിപ്രായവും ആർക്കുമില്ല. ആ സ്ഥിതിക്ക്, മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമെന്ന് വളരെ വ്യക്തമാണ്. ബഹു. ഫാ. പോൾ ആച്ചാണ്ടി സിഎംഐക്ക് നൽകിയിരിക്കുന്ന അപ്പസ്തോലിക്ക് വിസിറ്റർ എന്ന സ്ഥാനത്തെ, അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ, അപ്പസ്തോലിക്ക് വികാർ എന്നിങ്ങനെയുള്ള മറ്റ് സ്ഥാനനാമങ്ങളുമായി ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിലാണ് ചിലർ ഈ വിവരം ആരംഭം മുതൽ പ്രചരിപ്പിച്ചത്. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയും, കോൺഗ്രിഗേഷനിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന അബദ്ധധാരണ പടർത്തുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം എന്ന് നിശ്ചയം.
വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, ചിലരുടെ ഗൂഢലക്ഷ്യങ്ങളോടെയുള്ള അബദ്ധ പ്രചാരണങ്ങളിൽ പതിച്ച് തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.