News - 2025

പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിവേചനം തടയുന്നതില്‍ പരാജയപ്പെട്ടു: തെറ്റ് സമ്മതിച്ച് പാര്‍ലമെന്റ് സമിതി

പ്രവാചക ശബ്ദം 21-10-2020 - Wednesday

ഇസ്ലാമാബാദ്: ക്രൈസ്തവരും ഹൈന്ദവരും അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നതു തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് പാര്‍ലമെന്റ് സമിതി. ന്യൂനപക്ഷങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഭരണകൂടത്തിനു വീഴ്ചയുണ്ടായതായി സമിതി അധ്യക്ഷനായ സെനറ്റര്‍ അന്‍വറുള്‍ ഹഖ് കക്കര്‍ ഡോണ്‍ ദിനപത്രത്തോടു പറഞ്ഞു. അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകളില്‍ പലതിലും സ്വമേധയായുള്ള സമ്മതം പ്രകടമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹസമയത്ത് രക്ഷിതാവിന്റെ സാന്നിധ്യം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടാക്കുന്നതു നല്ലതായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തിലെ പാര്‍ലമെന്റ് സമിതി, ന്യൂനപക്ഷ ഹിന്ദുപെണ്‍കുട്ടികള്‍ കൂടുതലായി മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെടുന്ന സിന്ധ് പ്രവിശ്യയിലടക്കം സന്ദര്‍ശനം നടത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തിലെ പാര്‍ലമെന്റ് സമിതി, ന്യൂനപക്ഷ പെണ്‍കുട്ടികള്‍ കൂടുതലായി മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെടുന്ന സിന്ധ് പ്രവിശ്യയിലടക്കം സന്ദര്‍ശനം നടത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യകളിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പഞ്ചാബ് പ്രവിശ്യയിലാണു ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനിരയാകുന്നത്. അതേസമയം, രണ്ടു വിധത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ടിവിസ്റ്റ് കൃഷന്‍ ശര്‍മ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയി തടവിലിട്ട് മതംമാറ്റുന്നതാണ് ഒന്ന്. പോലീസും കോടതിയുമടക്കം രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളും നിയമങ്ങളെല്ലാം കാറ്റില്‍ പ്പറത്തി മതപരിവര്‍ത്തനത്തെ സഹായിക്കുന്നതാണ് രണ്ടാമത്തെ രീതി.

പാക്ക് ഭരണകൂടം തെറ്റ് സമ്മതിച്ചെങ്കിലും വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താത്തത് വിഷയം വീണ്ടും സങ്കീര്‍ണ്ണമാക്കുകയാണ്. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ രാജ്യത്തു അനുഭവിക്കുന്ന കടുത്ത വിവേചനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പോലും പ്രതിഷേധം ശക്തമാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കടുത്ത നീതി നിഷേധത്തിന് ഇരയായ പാക്ക് ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹ്ബാസിനെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയാണ് മരിയ. കോടതി പ്രഖ്യാപിച്ച ഭർത്താവിൽ നിന്ന് മരിയ രക്ഷപ്പെട്ടെങ്കിലും കുടുംബം വധഭീഷണി നേരിടുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »