Wednesday Mirror - 2024
ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 9
ആന്റോ അക്കര/ പ്രവാചക ശബ്ദം 21-10-2020 - Wednesday
കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നുവാഗാമിനടുത്തുള്ള കൊഞ്ചമെൻടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ തോമസ് ചെല്ലനച്ചൻ ആഗസ്റ്റ് 25-ന് ജീവനോടെ കത്തിച്ചാമ്പലാവുന്നതിൽ നിന്ന് ദൈവാനുഗ്രഹംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
"അവർ എന്റെ ശിരസ്സിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താൻ ഒരുത്തൻ തീപ്പെട്ടിക്കൊള്ളി കൈയിൽ പിടിച്ച് ഒരുങ്ങി നിന്നു. അവസാന നിമിഷം ആരോ അയാളെ തള്ളിമാറ്റി. അല്ലാത്തപക്ഷം ഈ കദനകഥ പറയുവാൻ ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല." ചെല്ലനച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന വൈദികൻ വ്യക്തമാക്കി.
ആക്രമിക്കപ്പെടുന്ന സമയത്ത് 56 വയസ്സായിരുന്നു ചെല്ലനച്ചനും പാസ്റ്ററൽ സെന്ററിൽ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരുന്ന കസിയാൻ പ്രധാനച്ചനും ചെറുപ്പക്കാരിയായ സിസ്റ്റർ മീനയും അത്ഭുതകരമായി തലേദിവസം രക്ഷപെട്ടശേഷമായിരുന്ന ഈ പീഡാനുഭവം. ആഗസ്റ്റ് 24-ആം തീയതി ഉച്ചകഴിഞ്ഞ് അഞ്ഞൂറോളം പേർ വരുന്ന അക്രമിസംഘം കൊലവിളിയുമായി പാസ്റ്ററൽ സെന്ററിലേക്ക് ഇരച്ചുകയറിയപ്പോൾ, പിൻവശത്തെ എട്ടടി ഉയരമുള്ള മതിൽ ഏറെ വിഷമിച്ച് ചാടിക്കടന്നായിരുന്നു അവർ രക്ഷപ്പെട്ടത്.
"ചില്ലുകഷണങ്ങൾ പാകിയിരുന്ന മതിലിനു മുകളിൽ ഞാൻ ആദ്യം വളരെ കഷ്ടപ്പെട്ടാണ് കയറിയത്. എന്നിട്ട് സിസ്റ്റർ മീനയെ മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. കരയാനല്ലാതെ, മുകളിലേക്ക് കയറാൻ സിസ്റ്ററിന് സാധിച്ചില്ല." ആ നാട്ടുകാരൻ കൂടിയായ കസിയാനച്ചൻ ഓർത്തു. പെട്ടെന്ന് ചെല്ലനച്ചന് ഒരാശയം തോന്നി. അദ്ദേഹം അടുത്തുകിടന്നിരുന്ന വലിയ മരക്കഷണം കൊണ്ടുവന്നു മതിലിന്മേൽ ചാരിവച്ചു. സിസ്റ്റർ മീന അതിന്മേൽ കയറിനിന്നു. പിന്നെ ഒട്ടും വൈകിയില്ല, കസിയാനച്ചൻ സിസ്റ്ററിനെ വലിച്ച് മതിലിന്റെ മുകളിലെത്തിച്ചു. അനന്തരം അവർ ഇരുവരും ചേർന്ന് ചെല്ലനച്ചനെ മതിലിന്റെ മുകളിലെത്തിക്കാനുള്ള ശ്രമമായി. ഈ സമയമെല്ലാം അക്രമിസംഘം സ്ഫോടകവസ്തുക്കളും പെട്രോളും ഉപയോഗിച്ച് കെട്ടിടസമുച്ചയത്തിനകത്ത് കണ്ണിൽ കണ്ടതെല്ലാം തീ കൊളുത്തുകയായിരുന്നു. പൊട്ടിത്തെറികൾ വർധിക്കുന്നതുകണ്ട് ചെല്ലനച്ചൻ ഭയചകിതനായി. മതിലിന്റെ മുകളിൽ കയറുവാനുള്ള ശ്രമംതന്നെ അദ്ദേഹം ഉപേക്ഷിച്ച മട്ടായി. ഒടുവിൽ കസിയാനച്ചനും സിസ്റ്റർ മീനയും ഒത്തുപിടിച്ചുയർത്തിയാണ് ഒരു വിധത്തിൽ അദ്ദേഹത്തെ മുകളിലെത്തിച്ചത്. ഇതിനകം വൈദികരെയും കന്യാസ്ത്രീയെയും പിടികൂടാൻ ഫലവൃക്ഷങ്ങൾ നിറഞ്ഞ ആ ഏഴ് ഏക്കർ പറമ്പിൽ ചികഞ്ഞു നോക്കുകയായിരുന്നു അക്രമിസംഘം. അവർ മതിലിനടുത്തെത്തുമ്പോഴേക്കും മൂവരും കുറ്റിച്ചെടികളുടെ ഇടയിലേക്ക് ചാടി മറഞ്ഞു.
"കെട്ടിടം മുഴുവൻ തീയും പുകയും പറക്കുന്ന കാഴ്ച എനിക്ക് ഹൃദയഭേദകമായിരുന്നു." ചെല്ലനച്ചൻ അനുസ്മരിച്ചു. 200 അതിഥികൾക്ക് താമസസൗകര്യമുണ്ടായിരുന്ന, വിശാലമായ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് കാഞ്ഞിരപ്പള്ളിക്കാരനായ ചെല്ലനച്ചൻ ആയിരുന്നു. 2001-ൽ ആയിരുന്നു ഉദ്ഘാടനം. അതിഥികൾക്ക് തനിച്ച് താമസിക്കാവുന്ന 25 മുറികളും, വിശാലമായ ഡോർമെറ്ററികളും, മറ്റു സൗകര്യങ്ങളും ഒത്തിണങ്ങിയ ഈ സ്ഥാപനം കന്ധമാലിലെ ഏറ്റവും വലിയ സമ്മേളനസ്ഥലമായിരുന്നു. വിവിധ സാമൂഹിക സംഘടനകളും സർക്കാർപോലും പരിപാടികൾക്കായി ഈ കെട്ടിടമാണ് വാടകയ്ക്ക് എടുത്തിരുന്നത്.
പിൻഭാഗത്തുള്ള കുന്നിൻ ചെരിവിലുന്ന് ചെല്ലനച്ചനും മറ്റുള്ളവരും പാസ്റ്ററൽ സെന്റർ സമുച്ചച്ചയം കത്തുന്ന ഭയാനകരംഗം കണ്ടു. അവരോട് അനുഭാവമുള്ള ഹിന്ദുക്കൾ മുന്നറിയിപ്പ് നൽകി. അക്രമികളുടെ കണ്ണിൽ പെട്ടാൽ ജീവനോടെ വെച്ചേക്കില്ലെന്ന്, വൈകാതെ രണ്ടു വൈദികരും സിസ്റ്ററും ഉൾവനത്തിലേക്ക് നീങ്ങി.
കസിയാനച്ചന് അവിടെത്തന്നെ ബന്ധുക്കളുണ്ടായിരുന്നതിനാൽ അദ്ദേഹം ആ രാത്രി അവരുടെകൂടെ താമസിക്കുവാൻ പോയി. കന്ധമാലിന് അന്യരായിരുന്ന ചെല്ലനച്ചനും സിസ്റ്റർ മീനയും നുവാഗാമിലേക്ക് തിരിച്ചുവന്ന് പ്രഹ്ളാദ് പ്രധാൻ എന്ന ഹിന്ദുസുഹൃത്തിന്റെ ഭവനത്തിൽ ആ രാത്രി അഭയം തേടി.
വൈദികനെയും കന്യാസ്ത്രീയെയും തന്റെ വസതിയിൽ പാർപ്പിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് പ്രഹ്ളാദ് മുന്നിൽ കണ്ടു. അതുകൊണ്ട് അതിഥികളെ പിറ്റേന്നു വെളുക്കും മുമ്പ് പുറത്തുള്ള വാടകയ്ക്ക് കൊടുക്കുന്ന ചെറിയ മുറികളിലേക്ക് മാറ്റി. പുറത്തുനിന്ന് പൂട്ടി. ആരെങ്കിലും അന്വേഷിച്ചെത്തിയാൽ ആരും അകത്തില്ലെന്നു കരുതുമല്ലോ . എല്ലാം ഭദ്രമാണെന്ന് അദ്ദേഹം കരുതി.
ചെല്ലനച്ചനെയും സിസ്റ്ററെയും ഗ്രാമത്തിൽ കണ്ട കാര്യം അറിഞ്ഞ മതഭ്രാന്തന്മാർ അവരെ പിടികൂടാൻ നെട്ടോട്ടമോടുകയായിരുന്നു. അക്രമിസംഘം പ്രഹ്ളാദിന്റെ വീട്ടിൽ അവരെ തിരഞ്ഞെങ്കിലും നിരാശരായി മടങ്ങി. പിന്നീട്, പൂട്ടിയിട്ട മുറിക്കുള്ളിൽ ചെല്ലനച്ചൻ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കേട്ട അക്രമികൾ ഉച്ചയോടെ വാതിലുകൾ ബലം പ്രയോഗിച്ചു തുറന്നു. ആ കലാപകാരികൾ അച്ചനേയും കന്യാസ്ത്രീയെയും കുറ്റവാളികളെയെന്നപോലെ വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുവന്നു.
"തുടർന്ന് നടന്നതെല്ലാം കാൽവരിയിലേക്കുള്ള യാത്രപോലെ ആയിരുന്നു." ചെല്ലനച്ചൻ നടുക്കത്തോടെ അനുസ്മരിച്ചു. ജീവനോടെ കത്തിച്ചു കളയാനായിരുന്നു അവരുടെ പരിപാടി. എന്തുകൊണ്ടോ അത് ഉപേക്ഷിച്ചു. 50 പേരുടെ ഒരു സായുധസംഘം അവരെ മർദ്ദിച്ചവശരാക്കിയതിനുശേഷം പ്രദർശനവസ്തുക്കളെപോലെ നിരത്തിലൂടെ നടത്തിച്ച് കത്തോലിക്കാ സാമൂഹികപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന "ജനവികാസ്" കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
"അവർ എന്റെ കുപ്പായം വലിച്ചുകീറി. സുസ്റ്റർ മീനയെ വിവസ്ത്രയാക്കാൻ തുനിഞ്ഞപ്പോൾ ഞാൻ എതിർത്തു. അന്നേരം എന്നെ ഇരുമ്പു വടികൾ കൊണ്ട് കൂടുതൽ പ്രഹരിച്ചു. സിസ്റ്ററെ അകത്തുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്യുന്നതിന് അവർക്ക് മടിയോ പേടിയോ ഉണ്ടായില്ല. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന എന്നെ ആ സമയമത്രയും അവർ തൊഴിക്കുകയും പരിഹസിക്കുകയും അശ്ലീല വാക്കുകൾ ഉരുവിടുന്നതിന് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു." ചെല്ലനച്ചൻ വിവരിച്ചു.
പിന്നീട് അവർ ഇരുവരെയും അർദ്ധനഗ്‌നരാക്കി തെരുവീഥിയിലൂടെ ഘോഷയാത്രപോലെ കൊണ്ടുപോയി. ആ മുതിർന്ന വൈദികനോട് ഇരുപത്തെട്ടുകാരിയായ സന്യാസിയുമായി പെരുവഴിയിൽവച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻവരെ ആ മനുഷ്യ പിശാചുക്കൾ ആജ്ഞാപിച്ചു.
"ഞാൻ വിസമ്മതിച്ചപ്പോൾ എന്നെ പൊതിരെ തല്ലി. എന്നിട്ട് ഞങ്ങളെ സമീപത്തുള്ള സർക്കാർ കാര്യാലയത്തിലേക്ക് വലിച്ചിഴച്ചെത്തിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ. അതെല്ലാം കണ്ടുകൊണ്ട് നിസംഗരായി പന്ത്രണ്ട് പോലീസുകാർ അവിടെ നിന്നിരുന്നു," അച്ചൻ വിലപിച്ചുകൊണ്ട് അനുസ്മരിച്ചു.
മർദ്ദനത്തിനിടയിൽ ചെല്ലനച്ചൻ പോലീസ് സഹായത്തിനായി അഭ്യർത്ഥിച്ചത് അക്രമികളെ കൂടുതൽ കുപിതനാക്കി. രക്തമൊലിച്ച് അവശനായിരുന്ന അദ്ദേഹത്തെ അവർ കൂടുതൽ ആവേശത്തോടെ മർദ്ദിച്ചു. അധികം കഴിയുന്നതിനു മുമ്പ് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്മാരും അവരുടെകൂടെ ചേർന്നു. എല്ലാവരും ചേർന്ന് വൈദികനെയും സന്യാസിനിയെയും നുവാഗാമിലെ പോലീസ് കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ച് ഒരാൾ തന്റെ ഷൂ ഊരി ചെല്ലനച്ചന്റെ മുഖത്തടിച്ചു.അതുണ്ടാക്കിയ മുറിൽ പിന്നീട് അരഡസൻ തുന്നലിടേണ്ടിവന്നു.
വൈകിട്ട് ഉന്നതപോലീസ് ഉദ്യോഗസ്ഥനെത്തി അവരെ ബല്ലിഗുഡ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഈ പീഡനം അവസാനിച്ചത്. ബലാത്സംഗം സ്ഥിരീകരിക്കുന്നതിന് അധികാരികൾ അവർ രണ്ടു പേരോടും വിശദമായി സംസാരിച്ച്, മൊഴിയെടുത്തു. തുടർന്ന് സിസ്റ്ററിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
"അവസാനം, സി.ആർ.പി.എഫിന്റെ ക്യാമ്പിലെത്തിയപ്പോൾ സമയം പാതിരാ കഴിഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന മലയാളികളായ ജവാന്മാർ ഞങ്ങളോട് സ്നേഹപൂർവ്വം പെരുമാറി. അവർ ഞങ്ങൾക്ക് വസ്ത്രങ്ങളും ചെരുപ്പുകളും തന്നു," ചെല്ലനച്ചൻ അനുസ്മരിച്ചു. നേരം വെളുത്തപ്പോൾ, രണ്ടു പേർക്കും ജവാന്മാർ പ്രഭാതഭക്ഷണവും നൽകി.
അതിനുശേഷം ബലാത്സംഗ കേസ് രേഖപ്പെടുത്തുന്നതിന് വൈദികനെയും കന്യാസ്ത്രീയെയും ബല്ലിഗുഡ പോലീസ് സ്റ്റേഷനിലേക്ക് വീണ്ടും കൊണ്ടുപോയി. ഉച്ച കഴിഞ്ഞതോടെയാണ് പോലീസ് നടപടികളെല്ലാം പൂർത്തിയായത്. തുടർന്ന് ബല്ലിഗുഡയിൽ നിന്ന് 280 കി.മീ. അകലെയുള്ള ഭുവനേശ്വറിലേക്ക് പുറപ്പെട്ട ബസിൽ കയറ്റിവിട്ടു.
ആഗസ്റ്റ് 28-ന് പുലർച്ചെ ഭുവനേശ്വറിൽ എത്തിച്ചേർന്ന ഉടൻതന്നെ, മാനസികമായി തളർന്നിരുന്നു സിസ്റ്ററെ ഒരു മഠത്തിൽ പരിചരിച്ചു. ചെല്ലനച്ചനെ, ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗ്ഗം മുംബൈയിലേക്ക് കൊണ്ടുപോയി.
ഈ ദുരിതങ്ങളെല്ലാം സഹിക്കാൻ എങ്ങനെയാണ് സാധിച്ചത് എന്ന ചോദ്യത്തിന് ചെല്ലനച്ചൻ മറുപടി നൽകി: "ഞങ്ങൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആജ്ഞാപിച്ചത് അനുസരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. കഴിവിന്റെ പരമാവധി ഞങ്ങൾ എതിർക്കുകയുണ്ടായി. ക്രിസ്തുവിനെപ്രതി, പീഡിപ്പിക്കപ്പെട്ട അവസ്ഥയായിരുന്നു ഞങ്ങളുടേത്."
ചെല്ലനച്ചനെ സംബന്ധിച്ചിടത്തോളം യുവസന്യാസിനി തന്റെ സാന്നിധ്യത്തിൽ ബലാത്സംഗംചെയ്യപ്പെട്ട ദുരന്തം കഴിഞ്ഞാൽ ഏറ്റവും വേദനിപ്പിച്ചത് ആ പ്രദേശത്തുള്ളവരും തനിക്ക് ദീർഘകാലം പരിചയമുള്ളവരുമായ ഹിന്ദു 'മാന്യന്മാരുടെ' പ്രതികരണമായിരുന്നു. അച്ചൻ വിതുമ്പിക്കൊണ്ട് വിവരിച്ചതുപോലെ, തന്നെയും ആ കന്യാസ്ത്രീയെയും അർദ്ധനഗ്നരായി പെരുവഴിയിലൂടെ നടത്തിച്ചതും നോക്കി ആ സുഹൃത്തുക്കൾ' നിശബ്ദരായി നിൽക്കുകയായിരുന്നു.
"ഞങ്ങളെ പീഡിപ്പിച്ചിരുന്നവരെ തടയണമെന്ന് കേണപേക്ഷിച്ചത് അവർ അവഗണിക്കുകയാണ് ചെയ്‌തത്. യേശുവിനെ കാൽവരിയിലേക്ക് കൊണ്ടുപോയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ ആ പീഡാനുഭവയാത്ര," ചെല്ലനച്ചൻ വിവരിച്ചു.
തുടരും... (അടുത്ത ബുധനാഴ്ച: വിധവകളുടെയും സന്യാസിനികളുടെയും ക്രിസ്തു വിശ്വാസത്തിന് പാറയുടെ ഉറപ്പ് )
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക