News - 2025
ഇറാഖിനേക്കാള്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുന്നത് യൂറോപ്പിനെ: അപായ സൂചന നൽകി മൊസൂൾ ആർച്ച് ബിഷപ്പ്
പ്രവാചക ശബ്ദം 25-10-2020 - Sunday
മൊസൂൾ: യൂറോപ്പ് തങ്ങളുടെ സംസ്കാരത്തെയും, മതവിശ്വാസത്തെയും ഉപേക്ഷിച്ച് ആധുനിക ലോകത്തിന്റെ രോഗിയായ കുഞ്ഞായി പരിണമിക്കുകയാണെന്നും ഇറാഖിനേക്കാള്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുന്നത് ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്ന യൂറോപ്പിനെയാണെന്നും മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൗസ. വിദ്യാഭ്യാസത്തിലൂടെയും, സാംസ്കാരിക പൈതൃകത്തെ പറ്റി ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം യൂറോപ്യൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദൈവത്തെയും, മൂല്യങ്ങളെയും എതിർക്കുന്ന തെറ്റായ മതേതര സങ്കൽപ്പത്തിൽ നിന്നും യൂറോപ്പ് പുറത്തുവരണം. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച യൂറോപ്പ് തീവ്ര ഇസ്ലാമിക വാദത്തിന് വളക്കൂറുള്ള മണ്ണാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഇറാഖിന്റെ അവസ്ഥയെ പറ്റിയല്ല, മറിച്ച് യൂറോപ്പിന്റെ അവസ്ഥയെ പറ്റി ഓർത്താണ് തനിക്ക് കൂടുതൽ ഭയമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സലഫി വിഭാഗക്കാർ ഉയർത്തുന്ന ഭീഷണിയെ പറ്റി പേരെടുത്ത് അദ്ദേഹം പരാമർശിച്ചു. ഇസ്ലാമിക അഭയാർത്ഥി പ്രവാഹം തടയാൻ എന്ത് നടപടി സ്വീകരിക്കണമെന്ന് യൂറോപ്പിന് വ്യക്തത ഇല്ലെന്നും ആർച്ച് ബിഷപ്പ് നജീബ് ആരോപണമുന്നയിച്ചു. തങ്ങളെ സ്വീകരിക്കുന്ന രാജ്യത്തെയും, ജനതയെയും സേവിക്കാൻ വേണ്ടിയല്ല പലരും യൂറോപ്പിലേക്ക് എത്തുന്നത്. അവർ യൂറോപ്യൻ രാജ്യങ്ങളുടെ മൂല്യങ്ങളും, മനുഷ്യാവകാശങ്ങളും വകവയ്ക്കാതെ തങ്ങളുടെ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.
ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ലെങ്കിൽ യൂറോപ്യൻ ജനതയുടെ സമാധാനവും സംസ്കാരവുമെല്ലാം നഷ്ടമാകുമെന്നും മൊസൂൾ ആർച്ച് ബിഷപ്പ് മുന്നറിയിപ്പു നൽകി. മറ്റുള്ളവരെ സ്നേഹിക്കണമെങ്കിലും, വിവേകവും അത്യന്താപേക്ഷിതമാണെന്ന് ആർച്ച് ബിഷപ്പ് നജീബ് പറഞ്ഞു. ഫ്രഞ്ച് വൈദികനായിരുന്ന ജാക്വസ് ഹാമലിന്റെയും, മറ്റ് പല നിരപരാധികളെയും കൊലപാതകം കാര്യങ്ങൾ മനസ്സിലാക്കാൻ യൂറോപ്പിന് ലഭിച്ച അവസരമായിരുന്നുവെന്നും എന്നാൽ യൂറോപ്യൻ ജനത അതിൽ നിന്നും പാഠം പഠിച്ചിട്ടില്ലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക