News - 2024

നൈജീരിയയില്‍ ബൊക്കോഹറാം 12 ക്രൈസ്തവരെ കൊലപ്പെടുത്തി: പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി

പ്രവാചക ശബ്ദം 07-11-2020 - Saturday

ലാഗോസ്: നൈജീരിയയുടെ പ്രശ്നബാധിതമായ വടക്ക് കിഴക്കന്‍ മേഖലയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ ഒരു സുവിശേഷപ്രഘോഷകന്‍ ഉള്‍പ്പെടെ 12 ക്രൈസ്തവരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി റിപ്പോര്‍ട്ട്. നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലെ ചിബോക്കില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെയുള്ള ടാകുലാഷി ഗ്രാമത്തിലാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപതോളം ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ബൊക്കോഹറാമാണെന്നാണ് പുറത്തുവരുന്ന വിവരം. ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് ചര്‍ച്ച് സുവിശേഷപ്രഘോഷകനാണ് കൊല്ലപ്പെട്ട പാസ്റ്റര്‍. 2014-ല്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതും ചിബോക്കില്‍ നിന്നു തന്നെയാണ്.

അബുബക്കര്‍ ഷെഹാവുവിന്റെ നേതൃത്വത്തിലുള്ള ബൊക്കോഹറാം തീവ്രവാദികളാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തോക്ക് ഘടിപ്പിച്ച ആറ് ട്രക്കുകളിലും, മൂന്നു ഹെവി വാഹനങ്ങളിലും എത്തിയ തീവ്രവാദികള്‍ നിരപരാധികളായ ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് നിഷ്കരുണം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇഷാകു മൂസ വെളിപ്പെടുത്തി. വീടുകള്‍ അഗ്നിക്കിരയാക്കിയതിന് പുറമേ ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിച്ച തീവ്രവാദികള്‍ മൂന്നു സ്ത്രീകളേയും, നാലു പെണ്‍കുട്ടികളേയും കടത്തിക്കൊണ്ടുപോയതായും മൂസ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട 12 പേരില്‍ 9 പേര്‍ തങ്ങളുടെ സഭാംഗങ്ങളായിരുന്നുവെന്ന് നൈജീരിയയിലെ ബ്രദറന് സഭയിലെ റവ. സക്കറിയ മൂസ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക സര്‍ക്കാര്‍ സഹായത്തോടെ തീവ്രവാദികള്‍ക്കെതിരെ പോരാടിക്കൊണ്ടിരുന്ന സംഘടനയില്‍ അംഗങ്ങളായിരുന്ന ക്രിസ്ത്യന്‍ യുവാക്കളാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. സംഘടനയുടെ നേതാവായ അബ്വാകു കാബു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും അപകടകാരികളായ തീവ്രവാദി സംഘടനകളിലൊന്നാണ് ബൊക്കോഹറാം. ആയിരകണക്കിന് പേരെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നൈജീരിയയില്‍ ഏതാണ്ട് 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമതാണ് നൈജീരിയയുടെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക