News - 2025

മതനിന്ദ ആരോപണം: ക്രിസ്ത്യാനിയെ കൊലപ്പെടുത്തുന്നവർക്ക് ഒരു കോടി തുക പ്രഖ്യാപിച്ച് പാക്ക് ഇസ്ലാമിക സംഘടന

പ്രവാചക ശബ്ദം 08-11-2020 - Sunday

ലാഹോര്‍: ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിലിട്ടു എന്ന ഇനിയും തെളിയിക്കപ്പെടാത്ത ആരോപണം നേരിടുന്ന മാലൂൺ ഫറാസ് പർവേസ് എന്ന ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തുന്നവർക്ക് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ 63000 ഡോളർ (1 കോടി പാക്കിസ്ഥാൻ റുപ്പീ) പാരിതോഷികം പ്രഖ്യാപിച്ചു. പ്രവാചകനെ നിന്ദിക്കുന്നവർക്ക് ലഭിക്കേണ്ട ഏക ശിക്ഷ ശിരച്ഛേദമാണെന്ന അടിക്കുറിപ്പോടു കൂടിയ മാലൂൺ ഫറാസ് പർവേസിന്റെ ചിത്രം ജമാഅത്ത് ആലേ സുന്നത്ത് എന്ന ഇസ്ലാമിക സംഘടന കറാച്ചി നഗരത്തിലെ ചുവരുകളിൽ പതിപ്പിച്ചിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിമൂലം രാജ്യം വിട്ട മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ മാലൂൺ ഫറാസ് പർവേസ് ഇപ്പോൾ തായ്‌ലൻഡിലാണ് ജീവിക്കുന്നത്.

കറാച്ചി നഗരത്തിൽ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിന്റെ ചിത്രമാണ് അദ്ദേഹം ഇപ്പോൾ തന്റെ ട്വിറ്റർ പേജിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നത്. 2013ൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ലാഹോറിലെ സെന്റ് ജോസഫ് കോളനിയിൽ ഏതാനും ആളുകൾ നടത്തിയ അതിക്രമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചത് മുതൽ പർവേസിന് വധഭീഷണി ലഭിക്കുന്നുണ്ട്. അന്നത്തെ കൊള്ളയിലും, അതിക്രമത്തിലും 116 ഭവനങ്ങളും, രണ്ട് ക്രൈസ്തവ ദേവാലയങ്ങളും തകർക്കപ്പെട്ടിരിന്നു. നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് മാലൂൺ ഫറാസ് പർവേസ് ഒരു ബ്ലോഗ് തന്നെ ആരംഭിച്ചിരിന്നു. തന്റെ ബ്ലോഗിലൂടെ ഇസ്ലാമിക രാഷ്ട്രീയത്തെ അടക്കം ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചിരിന്നു.

പർവേസും രാഷ്ട്രീയ പ്രവർത്തകനായിരുന്ന പിതാവും സാമൂഹ്യ മാധ്യമങ്ങളിലടക്കം തുടർച്ചയായി പോസ്റ്റ് ചെയ്ത കാര്യങ്ങൾ ഇസ്ലാമിക വാദികളെ ചൊടിപ്പിച്ചു. പിന്നാലെ അവരുടെ ഭീഷണി മൂലം പർവേസ് രാജ്യംവിട്ട് തായ്‌ലൻഡിൽ അഭയം പ്രാപിച്ചു. തെഹരിക്ക്- ഇ- ലബ്ബൈക്ക് എന്ന രാഷ്ട്രീയ പാർട്ടിയാണ് ആദ്യമായി 2015ൽ പർവേസിനെ വധിക്കുന്നവർക്ക് പാരിതോഷികം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. 62000 ഡോളറായിരുന്നു അന്ന് അവർ വാഗ്ദാനം നൽകിയ തുക. 2016ൽ പർവേസിനെ കൊലപ്പെടുത്തുന്ന വർക്ക് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ഡോളർ നൽകാമെന്ന് മറ്റൊരു മതപണ്ഡിതനും വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദയുടെ പേരിൽ ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കുന്നതും ഇവര്‍ക്ക് നീതി നിഷേധിക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »