Wednesday Mirror

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന | ലേഖന പരമ്പര- ഭാഗം 12

ആന്‍റോ അക്കര / പ്രവാചക ശബ്ദം 11-11-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസത്തിനുവേണ്ടി ക്രൂശിക്കപ്പെടാൻ തയ്യാറാണെന്ന് തെളിയിച്ചവരുടെ കൂട്ടത്തിൽ, പുരുഷസംരക്ഷണമില്ലാത്ത വിധവകളെപ്പോലെ, അരക്ഷിതരായ കത്തോലിക്കാ സന്യാസിനിമാരുമുണ്ട്. ഡസൻ കണക്കിന് ക്രൈസ്തവരോട് കൊടുംക്രൂരത കാട്ടി അതിൽ മൃഗീയ സന്തോഷം കണ്ടെത്തിയ മതഭ്രാന്തന്മാർ അനവധി ബീഭത്സ പ്രവൃത്തികളിലൂടെ കന്ധമാലിനെ കളങ്കപ്പെടുത്തി. അത്തരത്തിലുള്ള ഒരു നികൃഷ്ട കൃത്യമാണ്. യുവകത്തോലിക്കാ സന്യാസിനിയെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌. ഒരു സ്ത്രീയ്ക്ക് സംഭവിക്കാവുന്ന മാനഹാനിയുടെ മൂർദ്ധന്യമായ ബലാത്സംഗത്തിന് പ്രായഭേദമെന്യേ ഒരു ഡസനിലേറെ സ്ത്രീകൾ കന്ധമാലിൽ വിധേയരായി. ക്രൈസ്തവവിരുദ്ധ കലാപങ്ങൾക്കിടയിൽ യുവതികളും അമ്മമാരും വിധവകളും ഒരു കന്യാസ്ത്രീയുമുൾപ്പെടെ കുറഞ്ഞത് 19 ഹതഭാഗ്യർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്.

ഇവിടെ പരാമർശിക്കുന്ന കന്യാസ്ത്രീയുടെ ബലാത്സംഗം കേവലം കാമാസക്തിയുടെ പ്രകടനം എന്നതിനേക്കാളുപരി, കന്യാത്വവ്രതമെടുത്ത്‌ പ്രാർത്ഥനയ്ക്കും സേവനത്തിനുമായി ജീവിതം പൂർണമായി സമർപ്പിച്ച, ധന്യജീവിതത്തെ അവഹേളിക്കാൻ ചെയ്‌ത, പൈശാചിക പ്രവൃത്തിയായിരുന്നു. ആഗസ്റ്റ് 25നു അരങ്ങേറിയ ഈ ഹീനകൃത്യം ആഴ്ച്ചകൾക്കുശേഷം മാത്രമാണ് പരസ്യമായതും ദേശീയതലത്തിൽ പത്രമാധ്യമങ്ങളിൽ വാർത്തയായി സ്ഥാനംപിടിച്ചതും. "തിരിഞ്ഞുനോക്കുമ്പോൾ യേശു കുരിശിൽ മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അവിടുന്ന് കുരിശിൽ സജീവനായി, ഇപ്പോഴും സഹിക്കുകയാണ്," ബലാത്സംഗത്തിനിരയായ സിസ്റ്റർ മീന ഒരു വർഷം കഴിഞ്ഞു നടത്തിയ അഭിമുഖത്തിൽ എന്നോട് പറഞ്ഞു.

മാനഭംഗത്തിനിരയായ കന്യാസ്ത്രീയുടെ പേര് പരസ്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അനുവാചകർ ആശ്ചര്യപ്പെട്ടേക്കാം. 'മാതാവിന്റെ ദാസികൾ' (ഹാൻഡ് മെയ്‌ഡ്‌സ് ഓഫ് മേരി) എന്ന തന്റെ കോൺഗ്രിഗേഷന്റെ പേരുതന്നെ അന്വർത്ഥമാക്കിക്കൊണ്ട്, ഈ അവഹേളനം വിശ്വാസത്തിനുവേണ്ടി ക്രൂശിക്കപ്പെട്ട അനുഭവമായിട്ടാണ് സിസ്റ്റർ മീന കണ്ടത്. ബലാത്സംഗം ചെയ്യപ്പെട്ട സിസ്റ്റർ വാർത്തസമ്മേളനം അഭിസംബോധന ചെയ്‌ത്‌ കന്ധമാലിലെ അരാജകത്വത്തിലേക്ക് ദേശീയശ്രദ്ധ തിരിച്ചു കൊണ്ടുവന്നു. ഒക്ടോബർ 25-ന് ന്യൂഡൽഹിയിൽ സിസ്റ്റർ മീന നടത്തിയ വാർത്താസമ്മേളനം ധീരോദാത്തമായ പ്രവൃത്തിയായിരുന്നു.

ഒരു സ്ത്രീയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ മാനഹാനിയായ ബലാത്സംഗത്തിന് ജനവികാസ് കേന്ദ്രത്തിൽ വെച്ച് താൻ ഇരയായിത്തീർന്നതിന്റെ വിശദാംശങ്ങൾ ഡസൻകണക്കിന് ക്യാമറകളുടെയും മാധ്യമപ്രവർത്തകരുടെയും മുൻപിൽനിന്ന്, വികാരവായ്‌പോടെ സിസ്റ്റർ അവതരിപ്പിച്ചു.

"ഒരാൾ എന്റെ ബ്ളൗസും മറ്റുള്ളവർ അടിവസ്ത്രങ്ങളും വലിച്ചുകീറി. തടുക്കാൻ ഉദ്യമിച്ച ചെല്ലനച്ചനെ അവർ തള്ളി പുറത്തേക്ക് പിടിച്ചുകൊണ്ടുപോയി. ഒട്ടും മടിക്കാതെ ആ നരാധമന്മാർ എന്റെ സാരിയും വലിച്ചൂരി. ഒരാൾ എന്റെ വലതുകൈയിലും മറ്റൊരാൾ എന്റെ ഇടതു കയ്യിലും കയറി നിന്ന് മൂന്നാമതൊരാൾ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു," ഈ രംഗം വിവരിക്കുമ്പോൾ സിസ്റ്റർ മീനയുടെ മാത്രമല്ല അതുകേട്ടുനിന്ന മുതിർന്ന പത്രപ്രവർത്തകരുടെ കണ്ണുകളും ഈറനണിഞ്ഞു.

ഇരുമ്പാണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന രംഗമായിരുന്നു അത്. യേശുവിന്റെ കൈകളിൽ തറച്ച ഇരുമ്പാണികളെ അനുസ്മരിച്ചുകൊണ്ട്, രണ്ടു മല്ലന്മാർ, സിസ്റ്ററുടെ ഇരുകൈകളിലും ബലമായി ചവിട്ടിനിന്നു. യേശുവിന്റെ ഇരുകാലുകളും ചേർത്തുവച്ച് ആണിയടിച്ചു കയറ്റിയ കൊടുക്രൂരതയെ പോലെ മൂന്നാമൻ സിസ്റ്ററുടെ കുരിശിൽ തറയ്ക്കൽ പൂർത്തിയാക്കി.

"ഒരു പക്ഷേ, ഞങ്ങളുടെ ജനങ്ങളോടൊത്ത് ഞാൻ സഹിക്കണമെന്നും കന്ധമാലിലെ ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഉപകരണമാകണമെന്നും ആകാം ദൈവഹിതം". ന്യൂഡൽഹിയിൽ മാധ്യമങ്ങളുടെ മുമ്പാകെ എല്ലാം തുറന്നുപറയുന്നതിനും ബലാത്സംഗ കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ പോകാനും എനിക്ക് കരുത്ത് പകർന്നത് ഈ വിശാസമായിരുന്നു." സിസ്റ്റർ മീന എന്നോട് പറഞ്ഞു.

"ആരംഭത്തിൽ ദിവസങ്ങളോളം ഞാൻ കരഞ്ഞുകൂട്ടി. എനിക്ക് ഉറങ്ങാൻപോലും സാധിച്ചിരുന്നില്ല. സംഭവിച്ചത് അംഗീകരിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. നിരന്തരമായ കൗൺസലിംഗും സാന്ത്വനസഹായങ്ങളും കിട്ടിയതിനാൽ ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഇപ്പോൾ എനിക്ക് കൂടുതൽ ആത്മധൈര്യം തോന്നുന്നുണ്ട്." സിസ്റ്റർ തുറന്നുപറഞ്ഞു.

തന്റെ സഹനം കടുത്തതും ഭയാനകവുമായിരുന്നെങ്കിലും അതോർത്ത് ദൈവത്തിനു നന്ദി പറയുകയായിരുന്നു ആ കന്യാസ്ത്രീ: "ഈ മാനഹാനി നേരിടാൻ എന്നെ ദൈവം തെരഞ്ഞെടുത്തു, അതുമൂലം കന്ധമാലിലെ ജനങ്ങൾക്കുവേണ്ടി സഹിക്കാൻ എനിക്ക് അവസരം ഉണ്ടായി. യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ട അനുഭവം എനിക്ക് നല്കപ്പെട്ടതിൽ ഞാൻ സന്തോഷിക്കുന്നു". 2008 ജൂൺ ഒന്നാം തീയതി നിത്യവ്രത വാഗ്ദാനം കഴിഞ്ഞ്, മൂന്നാം മാസമാണ് ആ സന്യാസിനിക്ക് ഈ ദുര്യോഗം ഉണ്ടായത്.

ബലാത്സംഗത്തിന് ഇരയായി എന്ന പരാതി രേഖപ്പെടുത്തണമെന്ന് സിസ്റ്റർ നിർബന്ധിച്ചപ്പോൾ പോലീസ് അധികാരികൾ പിന്തിരിപ്പിക്കാൻ പരമാവധി പരിശ്രമിച്ചു. പരാതി നൽകുന്നതിനെതിരെ സിസ്റ്ററെ ഭീഷണിപ്പെടുത്തുക പോലും ചെയ്‌തു. സംഭവം നടന്ന അതേ രാത്രിയിൽ നടത്തിയ വൈദ്യപരിശോധന ബലാൽസംഗം സ്ഥിരീകരിച്ചതിനുശേഷവും പോലീസ് മേധാവികൾ ഇത്തരത്തിൽ കണ്ണിൽച്ചോരയില്ലാതെ പ്രതികരിച്ചത് കന്യാസ്ത്രീയെ വല്ലാതെ വേദനിപ്പിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ അന്നത്തെ സുപ്പീരിയർ ജനറലും മദർ തെരേസയുടെ പിൻഗാമിയുമായ സിസ്റ്റർ നിർമ്മല, ബലാത്സംഗം കഴിഞ്ഞ് മൂന്നാംദിവസം,ഒഡീഷാ മുഖ്യമന്ത്രി നവീൻ പട് നായികിനെ സന്ദർശിക്കുകയും ക്രൈസ്തവർക്കെതിരെ നടമാടുന്ന ആക്രണങ്ങളിലുള്ള ഉൽക്കണ്ഠ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തു. ചെറുപ്പക്കാരിയായ കന്യാസ്ത്രീ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് വേട്ടയാടപ്പെടുകയും ജനക്കൂട്ടത്താൽ വിവസ്ത്രയാക്കപ്പെടുകയും അവരുടെ കന്യാത്വം ക്രൂരമായും പരസ്യമായും കളങ്കപ്പെടുകയും ചെയ്തതിനെക്കുറിച്ചും, സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ സഹായനിഷേധത്തെക്കുറിച്ചും സിസ്റ്റർ നിർമ്മല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പരാതിപ്പെട്ടിരുന്നു.

സിസ്റ്റർ നിർമ്മലവും മുഖ്യമന്ത്രി പട് നായിക്കും തമ്മിലുള്ള കൂടിക്കാഴ്ച്ച പത്രമാധ്യമങ്ങളെ വിളിച്ചറിയിച്ച് ഒഡീഷാ സർക്കാർ ആ സന്ദർശനം സർക്കാറിന് അനുകൂലമായ വാർത്തയാക്കുവാനാണ് ശ്രമിച്ചത്. കന്ധമാൽ അക്ഷരാർത്ഥത്തിൽ കത്തിയെരിയുന്ന നേരത്ത് അവിടത്തെ ക്രൈസ്തവർക്ക് 'സുരക്ഷിതത്വവും സംരക്ഷണവും' നൽകാമെന്ന പൊള്ളയായ വാഗ്‌ദാനത്തിന്റെ തെളിവായി ഈ ചിത്രം തെറ്റിദ്ധരിക്കപ്പെടുകയുണ്ടായി. സിസ്റ്റർ നിർമ്മല തന്റെ കത്തിൽ എടുത്തുപറഞ്ഞിരുന്ന സിസ്റ്റർ മീനയുടെ കാര്യത്തിൽപോലും സർക്കാർ യാതൊന്നും ചെയ്‌തില്ല.

സിസ്റ്റർ ബലാത്സംഗത്തിന് ഇരയായി ഒരുമാസം കഴിഞ്ഞിട്ടും പോലീസ് കുറ്റവാളികൾക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവിൽ 'ദി ഹിന്ദു' എന്ന ദേശീയ ഇംഗ്ലീഷ് പത്രത്തിൽ ഈ വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും മറ്റു മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുകയും ചെയ്‌തതിനുശേഷം മാത്രമാണ് പോലീസ് ഇക്കാര്യത്തിൽ വിരലനക്കിയത്.

രാജ്യമെമ്പാടും തന്റെ പേര് മാധ്യമങ്ങളിലൂടെ പരസ്യമായതോടെ സിസ്റ്റർ മീനയ്ക്ക് തന്റെ വ്യക്തിത്വം മറച്ചുവയ്ക്കാൻ ഒരു പുതിയ പേര് തന്നെ സ്വീകരിക്കേണ്ടിവന്നു. താനുമായി സമ്പർക്കം പുലർത്തുന്ന ജനങ്ങളുടെ അമ്പരപ്പ് അകറ്റുന്നതിനും ഇത് അത്യാവശ്യമായി.

രണ്ടര വർഷത്തിനുശേഷവും ആ സന്യാസിനിയുടെ സഹനം തുടരുകയായിരുന്നു. സിസ്റ്റർ മീനയുടെ അമ്മാവൻ - റൂർക്കല രൂപതാധ്യക്ഷനായ ബിഷപ്പ് ജോൺ ബർവ, ചീനാത്ത് മെത്രാപ്പോലീത്തായ്‌ക്കു പകരം കട്ടക്ക്-ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അവരോധിതനായി. 2011 ഏപ്രിൽ രണ്ടിന് കട്ടക്കിലെ പരിശുദ്ധ ജപമാലയുടെ കത്തീഡ്രലിൽ ആയിരുന്നു സ്ഥാനാരോഹണം.

തന്റെ ജീവിതത്തിലെ ഏറെ ആഹ്ദളാദഭരിതമായ ആ ചടങ്ങിൽനിന്ന് സിസ്റ്റർ മീന വിട്ടുനിൽക്കുകയാണ് ചെയ്‌തത്‌.

സംഘർഷഭരിതമായ കന്ധമാൽ ഉൾപ്പെടുന്ന ആ അതിരൂപതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സൽവാത്തോരെ പെന്നാക്കിയോ, സി.ബി.സി.ഐ. അധ്യക്ഷൻ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് രണ്ട് ഡസനോളം മെത്രാന്മാർ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ബർവ മെത്രാപ്പോലീത്തായ്‌ക്ക് ആശംസ അർപ്പിക്കാൻ അടുത്ത കുടുബാംഗങ്ങളോടൊപ്പം അകന്ന ബന്ധുക്കൾപോലും അണിനിരന്ന നീണ്ട നിരയിൽ സിസ്റ്റർ മീന മാത്രം ഉണ്ടായിരുന്നില്ല. 'പൊതുജനത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടാൻ സിസ്റ്റർ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ചെയ്‌താൽ എല്ലാവരും അവളെത്തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് ചടങ്ങിന് വരേണ്ട എന്ന് സിസ്റ്റർ തീരുമാനിച്ചു." തന്റെ അനന്തരവളായ സിസ്റ്റർ മീനയുടെ അസാന്നിധ്യത്തെക്കുറിച്ച് ആർച്ച് ബിഷപ്പ് ബർവ വിശദീകരിച്ചു. വിശ്വാസം ത്യാഗം ആവശ്യപ്പെടുന്നു.

തുടരും... (അടുത്ത ബുധനാഴ്ച: സിസ്റ്റർ മീനയ്ക്കു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത്? )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »