Wednesday Mirror

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 10

ആന്‍റോ അക്കര / പ്രവാചക ശബ്ദം 28-10-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"ഏകാകിനിയായ യഥാർത്ഥ വിധവ ദൈവത്തിൽ പ്രത്യാശയർപ്പിച്ചു കൊണ്ട് അപേക്ഷകളിലും പ്രാർത്ഥനകളിലും ദിനരാത്രങ്ങൾ ചെലവഴിക്കുന്നു" (1 തിമോ 5:5).

ഭർത്താക്കന്മാർ ക്രൂരമായി മർദ്ദിക്കപ്പെടുകയും അവരുടെ കൺമുന്നിൽ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കി. വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന് നിരാലംബയായ വിധവകൾക്ക് ഭീഷണിയുണ്ടായി. നടുക്കുന്ന ഈ ഓർമ്മകൾ അവരെ വേട്ടയാടിയിട്ടും, അത് അവരുടെ വിശ്വാസത്തെ അൽപം പോലും ഇളക്കിയില്ല. തങ്ങളുടെ ഭർത്താക്കന്മാരുടെ ധീര രക്തസാക്ഷിത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട അവർ, വിശ്വാസത്തിൽ പാറ പോലെ ഉറച്ചുനിന്നു. ഭവനരഹിതരും ബലഹീനരുമായെങ്കിലും, നഷ്ടധൈര്യരാകാതെ വിശ്വാസം മുറുകെപ്പിടിക്കുന്നതിലും മക്കളെ പോറ്റുന്ന ഭാരം വഹിക്കുന്നതിലും കന്ധമാലിലെ വിധവകൾ പ്രകടിപ്പിച്ച ധീരതയും നിശ്ചയദാർഢ്യവും തികച്ചും വിസ്മയജനകമാണ്.

മുംബൈയിലെ നിർമ്മല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്ക് 'ഒറീസ്സയിലെ കന്ധമാൽ ജില്ലയിലെ സാമുദായിക സംഘട്ടനങ്ങൾക്ക് ഇരയായത്തീർന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നടത്തിയ പഠനം' വിധവകളുടെ വിശ്വാസത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട്. "സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ശ്രദ്ധേയമായ സംഗതി, അവിടത്തെ സ്ത്രീജനങ്ങൾ, തങ്ങളുടെ നേർക്കുണ്ടായ ആക്രമണങ്ങളെ ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുകയും, ആ വിശ്വാസമാണ് അവരുടെ ജീവിതത്തെ പ്രത്യാശാഭരിതമാക്കുന്നതെന്നു അംഗീകരിക്കുകയും ചെയ്തവരാണ്".

ഈ റിപ്പോർട്ടിന്റെ 83-ആം പേജിൽ ഇങ്ങനെ പറയുന്നു: "സമാധാനത്തിൽ ജീവിക്കണമെന്നും കഴിഞ്ഞകാല ദുരന്തങ്ങളൊക്കെ വിസ്മരിക്കപ്പെടണമെന്നും മാത്രമാണ് അവർ ആഗ്രഹിച്ചത്. വിശ്വാസത്തെ പ്രതി തന്റെ അനുയായികൾ സഹിക്കേണ്ടിവരുമെന്നുള്ള യേശുക്രിസ്തുവിന്റെ പ്രബോധനത്തിൽ, ആ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ്, ദുരിതങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കാൻ അവരെ പ്രാപ്‌തരാക്കിയത്."

കന്ധമാലിൽ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവ സഹോദരന്മാരുടെ വിധവകൾ, വർഷങ്ങൾ കഴിഞ്ഞിട്ടും, അവരുടെ പലായനം തുടരുകയാണ്. ഏതാനും വിധവകൾ ഭർത്തൃഘാതകരുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ മൂലം സ്വന്തം ഗ്രാമത്തിൽ ജീവിക്കാൻ ഭയപ്പെടുന്നു. അസ്മിത ഡിഗാളിന്റെ കദനകഥ ഇത് വ്യക്തമാക്കുന്നു. പാറക്കല്ലു കൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ്' .

ഭർത്താക്കന്മാരുടെ കൊലപാതകികൾക്കെതിരെ അതിവേഗ കോടതിയിൽ സാക്ഷ്യം നൽകിയ വിധവകൾക്ക് നിരന്തരമായ ഭീഷണി നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിൽ, താമസസ്ഥലം ഇടവിട്ട് മാറാതെ മറ്റു മാർഗ്ഗമില്ലെന്ന് കനകരേഖയുടെ ദുരവസ്ഥ വ്യക്തമാക്കുന്നു. ('ഭർത്തൃവിശ്വാസ സംരക്ഷണം വ്രതമാക്കിയ വിധവ', പേജ് 78, ലിഡിയ ഡിഗളിന്റെ വിശ്വാസം വെടിയാതെ വീരമൃത്യു വരിച്ച പാസ്റ്റർ', പേജ് 38 എണ്ണത്തിലും ഈ സ്ഥിതി മുഴച്ചു നിൽക്കുന്നു.)

നിരന്തരമായ ഭീഷണിമൂലം തുടർച്ചയായി താമസസ്ഥലം മാറുന്നത് മറ്റൊരു ഗുരുതരമായ പ്രശ്‌നത്തിനു വഴിയൊരുക്കി. തങ്ങളുടെ കുഞ്ഞുമക്കളെ പരിചരിക്കാനുള്ള അവകാശം തീർത്തും ഉപേക്ഷിക്കുന്നതിന് വിധവകൾ നിര്ബന്ധിതരായി. സ്വന്തം അമ്മമാരുടെ പരിചരണം ഈ കുട്ടികൾക്ക് നിഷേധിക്കപ്പെട്ടു. മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ പഠനം തടസമില്ലാതെ തുടരുന്നതിനും അവരെ ഒഡീഷയ്ക്ക് പുറത്തുപോലുമുള്ള ക്രിസ്തീയ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയാണ് പല വിധവകളും ചെയ്‌തത്‌. എന്തായാലും വിശ്വാസത്തിൽ പാറയുടെ ഉറപ്പ് നിലനിറുത്തുന്നവരാണ് കന്ധമാലിലെ വിധവകൾ. ഈ ധീരവനിതകളുടെ ജീവിതത്തിലെ ആവേശോജ്ജ്വലമായ ഏതാനും അനുഭവങ്ങൾ ഇവിടെ ചേർക്കുന്നു.

ഭർത്തൃവിശ്വാസ സംരക്ഷണം വ്രതമാക്കിയ വിധവ ‍

കാവിപ്പട തങ്ങളെ ആക്രമിക്കുവാൻ തയ്യാറെടുക്കുകയാണെന്ന് കേട്ടപ്പോൾ ടിയാംഗിയയിലെ മിക്കവാറും എല്ലാ ക്രൈസ്തവരും ആഗസ്റ്റ് 25-ന് കാട്ടിലേക്ക് പലായനം ചെയ്തു. എന്നാൽ പരികിത് നായക്കും, സുഹൃത്തുക്കളായ ബിക്രം നായക്കും, ത്രിനാഥ്‌ ഡിഗളും, അവരുടെ പള്ളിയും അതിനോടനുബന്ധിച്ചുള്ള വസ്തുവകകളും സംരക്ഷിക്കുന്നതിന് ഗ്രാമത്തിൽത്തന്നെ തങ്ങി. പക്ഷേ അവർക്ക് നേരിടാൻ പറ്റാത്ത ഒരു വലിയ സംഘമായിരുന്നു ആക്രമണത്തിനെത്തിയത്. പരികിത് കാപാലികരുടെ പിടിയിൽനിന്ന് ഒരു കണക്കിന് ഓടിരക്ഷപ്പെട്ടു. എന്നാൽ അവന്റെ രണ്ടു സുഹൃത്തുക്കളെയും അക്രമികൾ വെട്ടിക്കൊന്നു.

"അവിടത്തെ എല്ലാ ക്രിസ്‌തീയഭവനങ്ങളും ദൈവാലയവും തീവച്ചതിനുശേഷമാണ് ആ സംഘം മടങ്ങിപ്പോയത്," പരികിതിന്റെ പത്നി കനകരേഖ തന്റെ ഭർത്താവ് ദാരുണമായി കൊല്ലപ്പെട്ടതിന്റെ ചുരുളഴിച്ചു.ടിയാംഗിയയിൽ നിന്ന് പലായനം ചെയ്ത കനകരേഖ 15 കി.മീ. അകലെയുള്ള റൈക്കിയയിൽ താമസിച്ചിരുന്ന മാതാപിതാക്കളുടെ അടുത്ത് എത്തിച്ചേർന്നു നാലും ഒന്നും വയസ്സുള്ള രണ്ടു പെൺമക്കളെയും കൊണ്ടായിരുന്നു ആ 'അമ്മ ജീവനും കൊണ്ടോടിയത്.

ഭാര്യയും മക്കളും റൈക്കിയയിലെ അവളുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന്, കാട്ടിലേക്ക് രക്ഷപ്പെട്ട മറ്റു ക്രൈസ്തവരിൽ നിന്ന് പരികിത് മനസ്സിലാക്കി. ഭാര്യാഭവനത്തിൽ നിന്ന് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് അയാൾ വളഞ്ഞവഴിയിലൂടെ യാത്ര തിരിച്ചു. ആഗസ്റ്റ് 27-ന് ആ കുടുംബം സൈക്കിളിലാണ് തിരിച്ചുവന്നിരുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, മണിക്കേശ്വർ ഗ്രാമത്തിലെ ദൈവാലയം നശിപ്പിച്ചതിനുശേഷം വരികയായിരുന്ന അക്രമികളുടെ മുന്നിലാണ് അവർ ചെന്നുപെട്ടത്.

അവരിൽ ചിലർ പരികിതിനെ തിരിച്ചറിഞ്ഞു. അവർ അയാളെ പിടികൂടി, അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുവാൻ ശ്രമിച്ചു. കൊച്ചുമക്കളേയും കൊണ്ട് കനകരേഖ ആ സംഘത്തെ പിന്തുടർന്നു. "നീ ഹിന്ദുമതം സ്വീകരിച്ചുവോ?" അവർ ആക്രോശിച്ചു. "ഞാൻ എന്തിന് ഹിന്ദുവാകണം? ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്," പരികിത് തിരിച്ചടിച്ചു.

കോപാകുലരായ അവർ അയാളെ തലങ്ങുംവിലങ്ങും മർദ്ദിച്ചു. എന്നിട്ടും പരികിത് ധൈര്യം കൈവെടിഞ്ഞില്ല, 11 വർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച അയാൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു: "ഞാൻ ക്രിസ്തുവിലുള്ള വിശ്വാസത്തിൽനിന്ന് പിന്തിരിയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല." ഇത്രയും ആയപ്പോൾ അവർ ഗ്രാമത്തലവനെ മൊബൈൽ ഫോണിൽ വിളിച്ച് തങ്ങൾ പരികിതിനെ പിടിച്ചുവച്ചിരിക്കുന്ന വിവരം അറിയിച്ചു. "അയാളെ കൊന്നുകളയണോ?" എന്ന ചോദ്യത്തിന്, പരികിത് മുമ്പ് അവരുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ള നിലയ്ക്ക്, "ഉടനെ വേണം" എന്നായിരുന്നു ഗ്രാമത്തലവന്റെ മറുപടി.

"അവർ സൈക്കിൾ ചങ്ങലകൊണ്ട് എന്റെ ഭർത്താവിനെ അടിച്ചു. അദ്ദേഹം നിലത്തുവീണു. "കനകരേഖ വിവരിച്ചു. പിന്നീട് ചങ്ങല കൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കി പരികിതിനെ വലിച്ചിഴച്ചു കൊണ്ടുപോയി. അവരെ പിന്തുടർന്ന കനകരേഖയോട് "കടന്നു പോടീ " എന്ന് ചിലർ ആക്രോശിച്ചു. എന്നിട്ടും തന്റെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് കനക രേഖ ആ കിരാതസംഘത്തെ അനുധാവനം ചെയ്‌തു. പരികിതിനെ കുറച്ചു ദൂരം കൊണ്ടുപോയശേഷം മൃഗീയമായി തല്ലിക്കൊന്നു. ശരീരം തുണ്ടംതുണ്ടമായി വെട്ടിമുറിച്ച് എല്ലാം കൂട്ടിയിട്ടു. തീ കൊളുത്തി. തീ പടരാത്തതു കൊണ്ട് അവർ ശരീര ഭാഗങ്ങൾ മണ്ണിട്ടുമൂടിയശേഷം സ്ഥലം വിട്ടു. രണ്ടുദിവസം കഴിഞ്ഞ്, പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് മൃതസംസ്കാരം നടത്തിയത്. ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽവച്ച്. 2009 ജനുവരിയിലാണ് കനകരേഖ ഈ കദനകഥ വിവരിച്ചത്.

"വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തെ പ്രതിയാണ് എന്റെ ഭർത്താവ് ജീവൻ ബലിയർപ്പിച്ചത്. എന്ത് സംഭവിച്ചാലും ഞാൻ എന്റെ വിശ്വാസം കൈവെടിയില്ല," ഭർത്താവിന്റെ രക്തസാക്ഷിത്വത്തിനുശേഷം തന്റെ വിശ്വാസം ദൃഢപ്പെട്ടതു പോലെ ആ വിധവ പറഞ്ഞു. 2009 മെയ് മാസത്തിൽ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പ് അടച്ചശേഷം, കനകരേഖ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറി. എന്നാൽ പുതിയ ഭീഷണികൾ ഉയർന്നപ്പോൾ, 2010 ജൂലൈയിൽ അവൾക്ക് കന്ധമാലിൽ നിന്ന് തന്നെ പലായനം ചെയ്യേണ്ടിവന്നു.

അതിവേഗ കോടതിയിൽ പരികിതിന്റെ കൊലപാതക വിചാരണക്കിടയിൽ അമ്മയും മൂത്തമകൾ ലിപ്‌സറാണിയും നിഷേധിക്കാനാവാത്ത സാക്ഷ്യമൊഴി നൽകിയതാണ് കാവിഅണികളെ പ്രകോപിച്ചത്. മറ്റ് ആറു കൊലക്കേസുകളിലും ഏഴു തീവയ്‌പുകളിലും പ്രതിയായ മനോജ് പ്രധാൻ ആയിരുന്നു ഈ കൊലപാതകത്തിനും നേതൃത്വം വഹിച്ചത്. അതിവേഗ കോടതി വിധവയുടെയും മകളുടെയും സാക്ഷ്യമൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രധാൻ കുറ്റവാളിയാണെന്ന് കണ്ടെത്തി. ജയിലിൽ കിടക്കുമ്പോൾ എം.എൽ.എ.ആയി തെരഞ്ഞെടുക്കപ്പെട്ട അയാളെ കോടതി ഏഴു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു.

രണ്ടു കൊലപാതകങ്ങൾ ഉൾപ്പെടെ, അരഡസൻ കേസുകളിൽ കോടതി ഇതിനകം വെറുതെ വിട്ടിരുന്ന ബി.ജെ.പി. നേതാവ് പരികിതിന്റെ കൊലപാതകത്തിനാണ് ആദ്യമായി ശിക്ഷിക്കപ്പെട്ടത്. പോലീസിന്റെ വഴിപാടുപോലെയുള്ള കുറ്റാന്വേഷണത്തിനു പുറമെ,കാവിപ്പടയുടെ ഭീഷണിമൂലം ഭയചകിതരായ ദൃക് സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറിയതും 'കന്ദമാലിലെ കശാപ്പുകാരൻ' എന്നുപോലും വിളിക്കപ്പെടുന്ന ആ എം.എൽ.എ. കേസുകളിൽ കുറ്റവിമുക്തനാവാൻ വഴി തെളിച്ചിരുന്നു.

തങ്ങളുടെ നേതാവ് ശിക്ഷിക്കപ്പെട്ടതോടെ, ആ വിധവയെ അവർ ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. അതുകൊണ്ട്, കനകരേഖയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് കന്ധമാലിൽ നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്നു. 2010 ആഗസ്റ്റ് 22-ന് ദേശീയ ജനകീയ ട്രൈബ്യൂണലിനു മുമ്പാകെ കനകരേഖ ക്രിസ്ത്യാനിയായി ജീവിക്കുന്നതിനു താൻ സഹിക്കേണ്ടിവന്ന ദുരിതങ്ങൾ, കണ്ണീരൊഴുക്കി വിവരിച്ചപ്പോൾ, അചഞ്ചലമായ വിശ്വാസമാണ് പ്രകടമായത്.

ഭർത്താവിന്റെ രക്തസാക്ഷിത്വത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞാണ് ഈ പൊതുവിചാരണ അരങ്ങേറിയത്. അവിടെ സന്നിഹിതരായിരുന്ന അഞ്ഞൂറോളം ആളുകളെ അതിശയിപ്പിക്കുമാറ് കനകരേഖ ഉച്ചത്തിൽ ഉദ്ഘോഷിച്ചു. "എന്റെ ഭർത്താവ് ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി എന്റെ കൺമുന്നിലാണ് കൊല്ലപ്പെട്ടത്. ജീവനുള്ള കാലത്തോളം ഞാൻ ക്രിസ്ത്യാനിയായിരിക്കും."

തുടരും... (അടുത്ത ബുധനാഴ്ച: വിശ്വാസത്തിന് വേണ്ടി വീട്ടുകാരെ വെടിഞ്ഞ വിധവ )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »