News - 2025
പലായനം ചെയ്ത ഇരുനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പുതുജീവിതം ആഗ്രഹിച്ച് മൊസൂളിലേക്ക് മടങ്ങുന്നു
പ്രവാചക ശബ്ദം 13-11-2020 - Friday
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മതപീഡനത്തെ തുടര്‍ന്ന്‍ ഇറാഖിലെ മൊസൂളില്‍ നിന്നും നിനവേ മേഖലയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും പലായനം ചെയ്ത ഇരുനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സ്വദേശത്തേക്ക് മടങ്ങിവരുന്നെന്നു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 11ന് മൊസൂള്‍ മേയറായ സുഹൈര്‍ മുഹ്സിന്‍ അല്‍ അരാജിയാണ് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വലിയതോതിലുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. നിനവേ പ്രവിശ്യാ ഗവര്‍ണര്‍ നജിം അല്‍ ജബൗരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞാല്‍ പുരാതന നഗരഭാഗത്തുനിന്നും, മൊസൂളിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള 90 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉടന്‍തന്നെ തിരിച്ചു വരുമെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2014 ജൂണിനും ഓഗസ്റ്റിനും ഇടയിലാണ് ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തെത്തുടര്‍ന്ന്‍ നിനവേ മേഖലയിലെ ക്രൈസ്തവരുടെ വന്‍തോതിലുള്ള പലായനം ഉണ്ടായത്. പലായനം ചെയ്തവരില്‍ ഭൂരിഭാഗവും സ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാന നഗരമായ ഇര്‍ബിലിലും പരിസരങ്ങളിലുമായി അഭയാര്‍ത്ഥികളായി കഴിഞ്ഞു വരികയായിരിന്നു. 2017 സെപ്റ്റംബറില്‍ ജിഹാദി അധിനിവേശത്തില്‍ നിന്നും മൊസൂള്‍ പൂര്‍ണ്ണമായും മോചിപ്പിക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിനവേ മേഖലയിലെ ആയിരത്തിനാനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തിരിച്ചുവന്നതായി പ്രാദേശിക അധികാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍ പാലായനം ചെയ്തവരുടെ തോത് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറവാണ്.
വടക്കന്‍ ഇറാഖില്‍ നിന്നും ഇര്‍ബില്‍, ദോഹുക് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ജിഹാദി അധിനിവേശം അവസാനിച്ചുവെങ്കിലും തിരിച്ചുവരുവാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, രാഷ്ട്രീയ തലത്തിലുള്ള അഴിമതി തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങളെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന നിനവേ മേഖലയിലേക്കുള്ള ക്രൈസ്തവരുടെ തിരിച്ചുവരവ് സംബന്ധിച്ച ഈ വാര്‍ത്ത ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) അടക്കമുള്ള അന്താരാഷ്‌ട്ര കത്തോലിക്കാ സന്നദ്ധ സംഘടനകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവരുടെ തിരിച്ചുവരവില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക