News - 2024

തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

പ്രവാചക ശബ്ദം 18-11-2020 - Wednesday

ഇസ്താംബുള്‍: ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി മാറ്റിയതിന്റെ വേദനയില്‍ കഴിയുന്ന തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഏഴു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെയാണ് പോംപിയോ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. എക്യുമെനിക്കല്‍ പാര്‍ത്രിയാക്കിസ് ബര്‍ത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പോംപിയോ ട്വീറ്റ് ചെയ്തു.

തുര്‍ക്കി അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് പോള്‍ റസലുമായും ചര്‍ച്ച നടത്തി. ഭരണകൂടവുമായി കൂടിക്കാഴ്ച നടത്താതെയുള്ള പോംപിയോയുടെ നീക്കത്തെ തുര്‍ക്കി വിമര്‍ശിച്ചു. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റിയ തുര്‍ക്കിയുടെ നടപടിയ്ക്കെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഇനിയും അണയാത്ത സാഹചര്യത്തിലാണ് പോംപിയോ കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ നടപടിയ്ക്കു പിന്നാലേ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തിയിരിന്നു.


Related Articles »