Videos

'രക്ഷയുടെ വഴി': യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കാം

22-11-2020 - Sunday

മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി' പുറത്തിറങ്ങി.

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാർത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല.

അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാസമാഹാരമാണ് 'രക്ഷയുടെ വഴി'. സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ 'രക്ഷയുടെ വഴി' എന്ന ഈ പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ 'രക്ഷയുടെ വഴി' പ്രാർത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും.

More Archives >>

Page 1 of 24