India - 2025
'കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം'
29-11-2020 - Sunday
കൊച്ചി: കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ 25 വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലെ സീറോ മലബാര്‍ കൂട്ടായ്മകള്‍ക്ക് പ്രചോദനമേകിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃസഭയുടെ വിശ്വാസം, പാരമ്പര്യം, പൈതൃകം എന്നിവ അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് എസ്എംസിഎ കുവൈറ്റ് നല്‍കിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും എസ്എംസിഎ കുവൈറ്റ് എന്നും മുന്പുന്തിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദനസന്ദേശം നല്‍കി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.
രജതജൂബിലിവര്‍ഷത്തോടനുബന്ധിച്ച് മുന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പു മാര്‍ ജോസഫ് പവ്വത്തില്‍, ജേക്കബ് പൈനാടത്ത്, ഫാ. കെന്‍സി ജോസഫ് മാമ്മൂട്ടില്‍ എസ്‌ജെ, സി. മേരി ജോ മേനാച്ചേരി സിഎസ്എന്‍ എന്നിവരെ ആദരിച്ചു. ഫാ. ജോണ്‍ പുരയ്ക്കലിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മാതൃ ഇടവകയില്‍ വിശ്വാസപരിശീലനത്തിലെ 10, 12 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കായി എന്‍ഡോവ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള തുക കൈമാറി. എസ് എം സി എ കുവൈറ്റ് പ്രസിഡന്റ് തോമസ് കുരുവിള, സംഘടനയുടെ നോര്‍ത്ത് അമേരിക്കയിലെ കോഓര്‍ഡിനേറ്റര്‍ കെ.എം. ചെറിയാന്‍ എന്നിവര്‍ ആശംസ നല്‍കി.
ജനറല്‍ സെക്രട്ടറി ജോയ് തുമ്പശേരി സ്വാഗതമാശംസിച്ചു. ട്രഷറര്‍ ജോര്‍ജ് ചാക്കോ എസ്എംസിഎ കുവൈറ്റിന്റെ 25 വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഡേവിസ് കൊളാട്ടുകുടിയും ഭരണസമിതിയംഗം ബൈജു സെബാസ്റ്റ്യനും ആദരിക്കപ്പെടുന്നവരെ പരിചയപ്പെടുത്തി. ഭരണസമിതിയംഗം ഫ്രാന്‍സിസ് വടക്കേത്തല അനുസ്മരണ പ്രാര്‍ഥന നടത്തി. ഓഫീസ് സെക്രട്ടറി തോമസ് ലോനപ്പന്‍ നന്ദിയര്‍പ്പിച്ചു. ചടങ്ങിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിനന്നും അംഗങ്ങള്‍ റിക്കോര്‍ഡ് ചെയ്ത വിവിധ കലാപരിപാടികളുടെ വീഡിയോ പ്രദര്ശിങപ്പിച്ചു.