News - 2025

വൈദികർക്കും വിശ്വാസികൾക്കും സഹായമേകാൻ കൊളംബിയൻ സഭ ഭൂതോച്ചാടന പുസ്തകം പുറത്തിറക്കി

പ്രവാചക ശബ്ദം 30-11-2020 - Monday

ബൊഗോട്ട: ഭൂതോച്ചാടനം ചെയ്യാൻ ആഗ്രഹിക്കുന്ന വൈദികർക്കും, പൈശാചിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വിശ്വാസികൾക്കും വേണ്ടി കൊളംബിയയിലെ മെത്രാൻസമിതി ഭൂതോച്ചാടനത്തെ പറ്റിയുള്ള പുസ്തകം പുറത്തിറക്കി. 'എക്സോർസിസം ആന്‍ഡ് ലിബറേഷൻ പ്രയർ' എന്ന പേരിൽ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂതോച്ചാടനത്തെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ വർഷം നവംബർ മാസം സംഘടിപ്പിച്ച കോഴ്സിൽ ഉരുത്തിരിഞ്ഞ ചർച്ചകളിൽ നിന്നാണ് പുസ്തകത്തിലെ ഉള്ളടക്കം പിറവി എടുത്തതെന്ന് കൊളംബിയൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പറയുന്നു. ഭൂതോച്ചാടനത്തിന്റെ ദൈവശാസ്ത്രപരമായ എല്ലാ മാനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഭാപ്രബോധനത്തിനു വേണ്ടിയുള്ള മെത്രാൻ സമിതിയുടെ ഉപവകുപ്പിന്റെ അധ്യക്ഷനായ ഫാ. ജോർജ് ബുസ്റ്റാമെന്റെ മോറയാണ് പുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

സഭ പഠനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ദൈവശാസ്ത്രപരമായ മുന്നൊരുക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഭൂതോച്ചാടനത്തെപ്പറ്റി വലിയ ബോധ്യം ഇല്ലാത്തതിനാൽ, പൈശാചിക ബാധയിൽ നിന്നുള്ള മോചനത്തിനായി തെറ്റായ സ്ഥലങ്ങളിൽ അവർ എത്തിപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇത് വൈദികർക്ക് വളരെയധികം സഹായകരമായി തീരുമെന്ന പ്രത്യാശയും ഫാ. ജോർജ് പ്രകടിപ്പിച്ചു. വൈദികരും, അവരുടെ സഹായികളും മാത്രമല്ല, വിവിധ സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് തീരുമാനം എടുക്കാൻ വേണ്ടി കത്തോലിക്കരും, അകത്തോലിക്കരും ഒരേപോലെ ഭൂതോച്ചാടനത്തെ പറ്റി ബോധ്യമുള്ളവരായിരിക്കണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവെച്ചു. ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ 75% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »