India - 2025
കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി: മാര്‍ ജോസ് പുളിയ്ക്കല്‍
പ്രവാചക ശബ്ദം 30-11-2020 - Monday
കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാര്‍ ജോസ് പുളിയ്ക്കല്‍. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം കുടുംബങ്ങളില്‍ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങള്‍ക്ക് ഒരു നവജീവനുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാര്‍മ്മികതയും തിരികെ പിടിക്കണമെന്നും സമൂഹത്തിലെ അസന്തുലിതാവസ്ഥയ്ക്കെതിരെ നിസ്സംഗത വെടിഞ്ഞ് അമ്മമാര്‍ സാമൂഹിക ഇടപെടല്‍ നടത്തണമന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസിഡന്‍റ് ഡോ. കെ.വി റീത്താമ്മയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അന്തര്‍ദേശീയ ഡയറക്ടര്‍ റവ. ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സി. ഡോ. സാലി പോള്‍ സി.എം.സി, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, മേഴ്സി ജോസഫ്, റിന്‍സി ജോസ്, റ്റെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. څമാതൃത്വം നവയുഗ സൃഷ്ടിക്കായിچ എന്ന ആപ്തവാക്യം സ്വീകരിച്ച് വിശ്വാസജീവിതം, ശുചിത്വ സംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയാണ് എല്ലാ രൂപതകളിലും മാതൃവേദി ഈ കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് യോഗം തീരുമാനിച്ചു. ഇന്ത്യയിലെ വിവിധ രൂപത ഡയറക്ടര്‍മാര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.