Seasonal Reflections - 2024

ജോസഫ് - തിരുക്കുടുംബവീട്ടിലെ തണൽ വൃക്ഷം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 12-12-2020 - Saturday

നാം കൊള്ളുന്ന തണൽ ആരൊക്കയോ വെയിൽ കൊണ്ടതിൻ്റെ, കൊള്ളുന്നതിൻ്റെ ഫലമാണ്. തണലുള്ള ഇടങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നമുക്കു സാധിച്ചേക്കാം പക്ഷേ സ്വയം വെയിലേറ്റ് തണലാകൻ നിയോഗം കിട്ടിയ ചിലർക്കെ സാധിക്കു, അതിനു ദൈവ നിയോഗം കിട്ടിയ വ്യക്തിയായിരുന്നു യൗസേപ്പ്.

തിരുക്കുടുംബ വീട്ടിലെ തണൽ വൃക്ഷമായിരുന്നു ജോസഫ്.

ഉണ്ണിയേശുവും മാതാവും ആ തണൽവൃക്ഷത്തിൻ്റെ കീഴിൽ സുഖ സ്വച്ഛത അനുഭവിച്ചു. സഹായഹസ്തത്തിൻ്റെ തണൽ മരമാകാൻ സ്വർഗ്ഗം ഇന്നും പ്രത്യേമായി യൗസേപ്പിനെ അനുവദിക്കുന്നു. ഭൂമിയിൽ ദൈവപുത്രനു തണൽ മരമായവൻ സ്വർഗ്ഗത്തിൽ നിന്നും തണൽ വർഷിക്കും എന്ന കാര്യത്തിൽ അല്പം പോലും സങ്കേതം വേണ്ട.

നമ്മുടെ ജീവിതത്തിൽ പച്ചവശേഷിക്കുന്നത് , നമ്മൾ കരിഞ്ഞു പോകാതെ അവശേഷിക്കുന്നത് ആരെങ്കിലുമൊക്കെ നമുക്കു വേണ്ടി തണൽ മരം ആകുന്നതു കൊണ്ടാണ്, അല്ലെങ്കിൽ സ്വയം വെയിലു കൊള്ളാൻ സന്നദ്ധനാകുന്നതിനാലാണ്. അവർ നമ്മുടെ അപ്പനോ, അമ്മയോ, സഹോദരങ്ങളോ കൂട്ടുകാരോ ഒക്കെയാവാം. അവരിലെല്ലാം ജോസഫ് ഭാവമുണ്ട്.

യൗസേപ്പിതാവെന്ന തണൽവൃക്ഷത്തലത്തിൽ ചേക്കേറിയാൽ അവിടെ ഈശോയും മാതാവും ഉണ്ട്. അവിടെ എത്തുന്നവർക്കു ലഭിക്കുന്ന സൗജന്യ സമ്മാനമാണ്. തിരു കുടുംബത്തിൻ്റെ സംരക്ഷണവും മധ്യസ്ഥതയും. അതിനാൽ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ യൗസേപ്പിതാവെന്ന തിരുക്കുടുംബ വീട്ടിലെ തണൽ മരത്തെ നമുക്കു സമീപിക്കാം.


Related Articles »