Seasonal Reflections - 2024

ജോസഫ് - ദൈവരഹസ്യങ്ങളുടെ സംരക്ഷകൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 14-12-2020 - Monday

ക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനമാണ് രക്ഷകൻ്റെ സംരക്ഷകൻ അഥവാ redemptoris custos റിഡംപ്റ്റോറിസ് കുസ്റ്റോസ്. 1989 ൽ പുറത്തിറങ്ങിയ ഈ പ്രബോധനത്തിൽ മറിയത്തിനൊപ്പം ജോസഫിനെ ദിവ്യരഹസ്യത്തിന്റെ പാലകനായി പാപ്പ പ്രഖ്യാപിക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ അവസാന ഘട്ടത്തിൽ ജോസഫും പങ്കു ചേരുന്നു .

ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ തുടക്കത്തിൽ മറിയത്തിൻ്റെ വിശ്വാസവും ജോസഫിൻ്റെ വിശ്വാസവും പരസ്പരം പൂരകമായി. രക്ഷകൻ്റെ അമ്മയായ മറിയത്തെ, എലിസബത്ത് ഭാഗ്യവതിയായി അവതരിപ്പിക്കുന്നു അതിനു കാരണം കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ അവൾ വിശ്വസിച്ചതിനാലാണ് (ലൂക്കാ 1 : 45 ). ഒരർത്ഥത്തിൽ ജോസഫിനും കൂടി അവകാശപ്പെട്ടതാണ് ഈ ഭാഗ്യവാൻ പരാമർശം. ദൈവവചനത്തോടു നിർണ്ണായക നിമിഷത്തിൽ ഭാവാത്മകമായി പ്രത്യുത്തരിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവ സ്വരത്തോടു സഹകരിച്ച് ജോസഫ് ദിവ്യ രഹസ്യത്തിൻ്റെ സംരക്ഷകനായി. ദൈവവചനത്തോടു വിശ്വസ്ത പുലർത്തി ജീവിക്കുമ്പോൾ നമ്മളും ദൈവരഹസ്യങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമാകുന്നു.

More Archives >>

Page 1 of 2