Nurse's Station - 2021

"ഭയം വേണ്ട, യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുക": ആതുരാലയങ്ങളിൽ ജോലി ചെയ്യുന്നവർക്കു പ്രചോദനവുമായി ഓസ്‌ട്രേലിയൻ മലയാളി നേഴ്സ്

സ്വന്തം ലേഖകന്‍ 24-03-2020 - Tuesday

കാൻബറ: കോവിഡ് 19 ഭീതിയില്‍ സേവനമനുഷ്ഠിക്കുന്ന ആതുര ശുശ്രൂഷകർക്കു പ്രചോദനമേകി കൊണ്ട് ഓസ്‌ട്രേലിയൻ മലയാളി നേഴ്സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോസ്പിറ്റലിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മലയാളിയായ യുവാവ് ചെയ്ത വീഡിയോയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ രംഗത്തെ പ്രവർത്തകരും യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യേക ദൈവീക സംരക്ഷണം ഉണ്ടാകുമെന്നും അവിടുത്തെ നാമത്തിന്റെ ശക്തിയാല്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച മുറിയിലേക്ക് പ്രവേശിക്കാൻ മടിച്ചു നിന്ന സഹപ്രവർത്തകരുടെ മുന്നിൽ, 'ഐ ബ്ലെസ് ദിസ് റൂം ഇൻ ദി നെയിം ഓഫ് ജീസസ്‌' (യേശു ക്രിസ്തുവിന്റെ നാമത്തില്‍ ഈ റൂം ഞാന്‍ ആശീര്‍വ്വദിക്കുന്നു) എന്ന് ഉരുവിട്ട് പ്രവേശിക്കുകയാണ് താന്‍ ചെയ്തതെന്നും ഇത് ഏറെ ഫലദായകമാണെന്നും അദ്ദേഹം പറയുന്നു. വൈറസ് ബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യേശുവിന്റെ നാമത്തിൽ ഈ മുറിയെ ആശീര്‍വ്വദിക്കുന്നു എന്ന വാക്യം ഉച്ചരിച്ചു ഓരോ രോഗിയുടെയും മുറിയിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.

ഇപ്രകാരം ചെയ്യുമ്പോള്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ പ്രവർത്തകർക്കും യേശു നാമത്തിന്റെ മഹത്വത്തിൽ സംരക്ഷണം ലഭിക്കുക തന്നെ ചെയ്യും. അതോടൊപ്പം ജോലി കഴിഞ്ഞു കാറിലോ മറ്റു വാഹനങ്ങളിലോ പ്രവേശിക്കുമ്പോഴും തിരികെ ഭവനങ്ങളിൽ എത്തിച്ചേരുമ്പോഴും യേശു നാമത്തിൽ ഈ വാഹനത്തെ, ഭവനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിച്ചു പ്രവേശിക്കണം. യേശുവിന്റെ നാമത്തിനു മുന്നിൽ എല്ലാ മുഴങ്കാലും മടങ്ങും, അതിനാൽ ഒരു ഭീതിയും നമ്മെ അലട്ടുകയില്ല. കൊറോണ വൈറസ് ബാധിതരും ഭീതിയില്‍ കഴിയുന്നവരും യേശു നാമത്തിന്റെ മഹത്വം തിരിച്ചറിയുമ്പോൾ എല്ലാ പൈശാചിക അസ്വസ്ഥതകളെയും ജീവിതത്തിൽ നിന്നും തുരത്തിയോടിക്കാൻ കഴിയുമെന്ന സന്ദേശവും അദ്ദേഹം വീഡിയോയിലൂടെ നല്‍കുന്നു.

ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെയും കോവിഡ് രോഗികളുടെയും മേൽ യേശു നാമത്തിന്റെ മഹത്വത്താൽ രോഗാണുക്കൾ നശിച്ചു പോകട്ടെയെന്നു എല്ലാവരും പ്രാർത്ഥിക്കണം. യേശു നാമത്തിൽ ഓസ്ട്രേലിയയെയും എല്ലാ ലോകരാജ്യങ്ങളും അനുഗ്രഹിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ സമാപിക്കുന്നത്. ശക്തമായ സന്ദേശം പങ്കുവെച്ച വ്യക്തിയുടെ പേര് അഞ്ജാതമാണെങ്കിലും വീഡിയോ ആയിരങ്ങളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രി എന്ന ഫേസ്ബുക്ക് പേജില്‍ മാത്രം മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്.

അതേസമയം ആഗോള ജനത കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നിരീശ്വരവാദികളുടെ ആക്ഷേപങ്ങള്‍ വകവെക്കാതെ ജീവിക്കുന്ന സത്യദൈവമായ യേശുവിലുള്ള തങ്ങളുടെ വിശ്വാസ അനുഭവം തുറന്നുപ്രകടിപ്പിക്കുവാന്‍ അനേകര്‍ മുന്നോട്ട് വരുന്നുണ്ടെന്നത് സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയെയാണ് എടുത്തുക്കാണിക്കുന്നത്.ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »