Seasonal Reflections - 2024

ജോസഫ് - നിശബ്ദതയുടെ സുവിശേഷം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 15-12-2020 - Tuesday

വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കാണുന്നില്ല. നിശബ്ദത ജോസഫിൻ്റെ ജീവിതത്തിൻ്റെ ആരവമായിരുന്നു. മത്തായി സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. "(മത്തായി 1 : 19 ). ഈ രഹസ്യത്തിൽ ഒരു നിശബ്ദത അടങ്ങിയിരിക്കുന്നു. ഉള്ളിൽ നിശബ്ദത ഉണ്ടായിരുന്നതുകൊണ്ടാണ് കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞപ്പോൾ അതു കേൾക്കാനും തദാനുസരണം പ്രവർത്തിക്കാനും ജോസഫിനു സാധിച്ചത്.

നിശബ്ദതയുടെ ആഴത്തിൽ ദൈവീക സ്വരം നമ്മുടെ മനസാക്ഷിയുടെ വാചാലതയാകും. അവിടെ ദൈവവും ഞാനും കൂട്ടുകാരാകും. ആഴമേറിയ പ്രാർത്ഥനാനുഭവം അവിടെയാണു സംഭവിക്കുക. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കു ദൈവ സ്വരം കേൾക്കുവാൻ ബുദ്ധിമുട്ടായിരിക്കും. . നിശബ്‌ദതയുടെ കുളിർ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന സന്ദേശമാണ് ഈ വിശുദ്ധ നിശബ്ദത.

ഈ വിശുദ്ധ നിശബ്ദത ദൈവത്തോടു നമ്മളെ വാചാലനാകാൻ പഠിപ്പിക്കുന്നു. നിശബ്ദതയുടെ ആഴം കൂടുംതോറും ദൈവ സ്വരം നമ്മുടെ ജീവ താളമായി പരിണമിക്കും. അതിൽ ചിലിപ്പോൾ ചോദ്യങ്ങളും സ്വപ്നങ്ങളും നിരാശകളും പരിവേദനങ്ങളും കണ്ടെക്കാം പക്ഷേ നിശബ്ദതയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോൾ അതൊരു സാക്ഷ്യമാകും, സുവിശേഷമാകും. ദൈവത്തിൻ്റെ സ്വരം നിശബ്ദത വഴി ജീവ താളമാക്കിയ ജോസഫിനെപ്പോല ജീവിതം നമുക്കും ഒരു സുവിശേഷമാക്കാം.


Related Articles »