News - 2024
അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം: ക്രിസ്തുമസ് തലേന്ന് ഫെഡറല്‍ അവധിയായി പ്രഖ്യാപിച്ച് ട്രംപ്
പ്രവാചക ശബ്ദം 19-12-2020 - Saturday
വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം. ക്രിസ്തുമസിന്റെ തലേ ദിവസം ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായി പ്രഖ്യാപിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള എല്ലാ എക്സിക്യൂട്ടീവ് വിഭാഗങ്ങളും, ഏജന്‍സികളും ഡിസംബര്‍ 24ന് പ്രവര്‍ത്തിക്കരുതെന്നും, ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ക്രിസ്തുമസ്സ് തലേന്ന്‍ അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്.
ട്രംപിന് മുന്‍പുള്ള പ്രസിഡന്റുമാര്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് പകുതി ദിവസത്തെ അവധിയും, കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ട്രംപ് മുഴുവന്‍ ദിവസത്തെ അവധിയും നല്‍കിയിരുന്നെങ്കിലും ഡിസംബര്‍ 24 ഫെഡറല്‍ അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇക്കൊല്ലമാണ്. അതേസമയം ചില സുപ്രധാന പദവികളില്‍ ഉള്ളവര്‍ക്ക് ഡിസംബര്‍ 24 അവധിയായിരിക്കില്ലെന്ന് ഉത്തരവിലെ രണ്ടാം വിഭാഗത്തിലെ ഒരു ഖണ്ഡികയില്‍ പറയുന്നുണ്ട്. രാഷ്ട്ര സുരക്ഷാ വിഭാഗം പോലെയുള്ള ചില വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അവധിയായിരിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അതാത് എക്സിക്യൂട്ടീവ് വിഭാഗങ്ങളുടെ തലവന്‍മാരായിരിക്കുമെന്നാണ് ഈ ഖണ്ഡികയില്‍ പറയുന്നത്. മതനിരപേക്ഷതയുടെ മറവില്‍ ക്രിസ്തുമസ്സിനെതിരേയുള്ള യുദ്ധത്തിനെതിരെ ട്രംപിന്റെ പ്രതിരോധത്തിലെ ഏറ്റവും പുതിയ നടപടിയാണിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അമേരിക്കന്‍ ജനതയിലും, കച്ചവടക്കാരിലും ‘മെറി ക്രിസ്തുമസ്സ്’ എന്ന ആശംസക്ക് പകരം ‘ഹാപ്പി ഹോളിഡേയ്സ് എന്ന് ആശംസിക്കുന്ന പ്രവണത വ്യാപകമാകുന്നുണ്ടായിരുന്നു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ‘മെറി ക്രിസ്തുമസ്’ എന്ന പദങ്ങള്‍ അമേരിക്കയുടെ പദാവലിയില്‍ തിരികെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും, അതിനുവേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ജനമനസ്സുകളിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള തന്റെ പ്രചാരണം ആരംഭിക്കുന്ന സമയത്ത് കടകളിലും, സ്റ്റോറുകളിലും ‘മെറി ക്രിസ്തുമസ്’ എന്നോ ‘ഹാപ്പി ക്രിസ്തുമസ്’ എന്നോ പറയുവാന്‍ അനുവാദമില്ലായിരുന്നെന്നും, ഇപ്പോള്‍ കടകളിലും സ്റ്റോറുകളിലും ‘മെറി ക്രിസ്തുമസ്’ തിരികെ വന്നുവെന്നും ട്രംപ് പ്രസ്താവിച്ചിരിന്നു.
എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് വളരേ മുന്‍പ് തന്നെ അഭിമാനപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ട്രംപ് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തിരിന്നു. അമേരിക്കയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ ധൈര്യപൂര്‍വ്വം നിലകൊണ്ട ചുരുക്കം ചില പ്രസിഡന്‍റുമാരില്‍ ഒരാളാണ് ഡൊണാള്‍ഡ് ട്രംപ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക