India - 2021

ഭൂമിയിടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്

ദീപിക 21-12-2020 - Monday

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളംഅങ്കമാലി അതിരൂപത നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. ഇന്ത്യന്‍ശിക്ഷാ നിയമപ്രകാരം വിചാരണ ചെയ്യാനുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെന്നും കേസന്വേഷണം അവസാനിപ്പിച്ചെന്നും കൊച്ചി സിറ്റി അസി. പോലീസ് കമ്മീഷണര്‍ ബിജി ജോര്‍ജ് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥലം വാങ്ങാനും അതിനുവേണ്ടി ബാങ്ക് വായ്പ എടുക്കാനും വായ്പ അടച്ചുതീര്‍ക്കുന്നതിന് അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്ക്കാനും അതിരൂപത നിയമസംഹിത പ്രകാരമുള്ള എല്ലാ സമിതികളുടെയും അംഗീകാരമുണ്ടായിരുന്നു. എന്നാല്‍ വില്പന നടത്തിയ ഭൂമിക്കുള്ള പണത്തിനു പകരമായി ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലങ്ങള്‍ ഈടായി വാങ്ങിയതില്‍ ആലോചന സമിതി, ഫിനാന്‍സ് കമ്മിറ്റി എന്നിവയുടെ അനുമതിയില്ലായിരുന്നു. ഇത് അതിരൂപത ചട്ടങ്ങള്‍ക്കു വിരുദ്ധമാണെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റവും വെളിവാകുന്നില്ല.

സ്ഥല വില്പനയില്‍ അതിരൂപതയ്ക്കു നഷ്ടം സംഭവിച്ചതായി കാണുന്നില്ല. പരാതിക്കാരന്‍ ഉന്നയിച്ച ഒരാരോപണങ്ങളിലും വാസ്തവമില്ലെന്നും ഈ കേസിലെ എതിര്‍കക്ഷികളായി പറയുന്നവര്‍ക്ക് ഇതുമൂലം യാതൊരു അന്യായ ലാഭവും ഉണ്ടായതായി തെളിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 53 പേജുള്ള റിപ്പോര്‍ട്ടിനൊപ്പം 83 സാക്ഷികളുടെ മൊഴികളും സഭാ സമിതികളുടെ യോഗവിവരമുള്‍പ്പെടെ 56 രേഖകളും ബാങ്കിടപാടുകളുടെ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി 14നു റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. ചൊവ്വര പ്രസന്നപുരം സ്വദേശി പാപ്പച്ചന്‍ നല്‍കിയ സ്വകാര്യ അന്യായത്തെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരായിരുന്നു പ്രതികള്‍.

അതിരൂപതയുടെ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഇവരെ സഹായിച്ച മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സഭയുടെ വസ്തുവകകള്‍ വാങ്ങുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത പടമുഗള്‍ സ്വദേശി സാജു വര്‍ഗീസ്, വസ്തുവകകള്‍ മുറിച്ചു വാങ്ങിയ 20 പേരുമാണ് മറ്റ് എതിര്‍കക്ഷികള്‍. ദേവികുളം ലക്ഷ്മി എസ്‌റ്റേറ്റ് ഭാഗത്തെ 17 ഏക്കര്‍ സ്ഥലവും കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലവും ഇപ്പോഴും അതിരൂപതയുടെ ഉടമസ്ഥതയില്‍ തന്നെയാണുള്ളതെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിരൂപത ആറു കോടി രൂപയ്ക്കു വാങ്ങിയ 25 ഏക്കര്‍ സ്ഥലത്തിനു 12.5 കോടി രൂപയും ദേവികുളത്തെ സ്ഥലത്തിനു 3.5 കോടി രൂപയും ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളുടെ ഉടമസ്ഥതാവകാശം, പരാതിക്കാധാരമായ സ്ഥലക്കച്ചവടത്തില്‍ അതിരൂപതയ്ക്കു ലഭിച്ച നേട്ടമാണ്.

ഭൂമിയിടപാടിനെ സാമ്പത്തിക തിരിമറിയായി തെറ്റായി പ്രചാരണം നടത്തി ആര്‍ഷ്ബിഷപ്പിനെതിരായി നീക്കം നടത്താന്‍ ഒരുവിഭാഗം ശക്തമായി ശ്രമിച്ചു. കാനോനിക സമിതികളില്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഭരണകാര്യങ്ങളിലും എല്ലാ സമിതികളിലും പ്രമുഖസ്ഥാനം വഹിച്ചവരെ ആരോപണങ്ങളില്‍നിന്ന് ഒഴിവാക്കിയതും ഗൂഢാലോചനയുടെ ഭാഗമാണ്. അതിരൂപതയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്കു പരമാധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് മാത്രം ഉത്തരവാദിയാകുന്നില്ല. കൂരിയാ, ധനകാര്യസമിതി, ആലോചനസമിതി എന്നിവയിലെ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്.

ഭൂമിവിവാദം അന്വേഷിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ നിയമനാധികാരിയും അതിരൂപത അധ്യക്ഷനുമായ കര്‍ദിനാളിനു സമര്‍പ്പിക്കുന്നതിനു മുമ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമങ്ങള്‍ക്കു കൊടുക്കുകയും കള്ളപ്രചാരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അതിരൂപതയോ ആര്‍ച്ച്ബിഷപ്പോ അംഗീകരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും നിയമപരമായും വസ്തുതാപരമായും അടിസ്ഥാനമില്ല. ഈ റിപ്പോര്‍ട്ടാണ് പരാതിക്ക് ആധാരമായിട്ടുള്ളതെന്നും പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


Related Articles »