News - 2025

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക്

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതായി സൂചന. സഭാസിനഡ് നിയോഗിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മറ്റി എറണാകുളം അങ്കമാലി അതിരൂപത വൈദികസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണു പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞത്. വൈദികസമിതി നിര്‍ദേശിച്ച അന്വേഷണ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വൈദികസമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടിരിന്നു.

വൈദികസമിതിയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മിറ്റിസിനഡിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പ്രകാരം സിനഡ് ഉചിതവും ക്രിയാത്മകവുമായ നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായി വൈദിക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സിനഡ് കമ്മിറ്റിയുടെ കൂടിക്കാഴ്ചകള്‍ പ്രശ്‌നപരിഹാരത്തിലേക്കുള്ള പ്രാഥമിക സാധ്യതകള്‍ക്കു വഴിതെളിക്കുമെന്നു പ്രത്യാശിക്കുന്നുവെന്നും റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ സൂചിപ്പിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും വൈദികസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭൂമിയിടപാടുകളുടെ പ്രശ്‌നത്തിലേക്കു വെളിച്ചം വീശാന്‍ സഹായിച്ചെന്നും അതു വൈദികര്‍ക്ക് അതിരൂപതയോടുള്ള സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും തെളിവാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും കര്‍ദ്ദിനാള്‍ വൈദികസമിതിക്കു നല്‍കിയിട്ടുണ്ട്.


Related Articles »