India - 2025
സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം
പ്രവാചക ശബ്ദം 24-12-2020 - Thursday
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് കവിതയിലൂടെയും സ്വജീവിതത്തിലൂടെയും പോരാടിയ സ്ത്രീത്വം, നിന്ദിതര്‍ക്കും പീഡിതര്‍ക്കും അഭയമായ അത്താണി: ഇതായിരുന്നു മലയാളിക്കു സുഗതകുമാരി ടീച്ചറെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും അനുശോചനം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് മാതൃസ്ഥാനീയയായിരുന്നു സുഗതകുമാരി. സാഹിത്യ ലോകത്തിന് അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധവച്ചു. അതിനായി അഭയ പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചു. കേരളത്തിന്റെ ഹരിതാഭ സംരക്ഷിക്കുവാന്‍ വലിയ പോരാട്ടങ്ങള്‍ നടത്തി. പ്രകൃതിയുടെ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. മതമൈത്രി എന്നും സുഗതകുമാരിയുടെ ആഭിമുഖ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. സുഗതകുമാരിയുടെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും ബാവ അറിയിച്ചു.
സുഗതകുമാരിയുടെ വിയോഗത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്‌നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ നിര്യാണം പ്രകൃതിക്കും മനുഷ്യസമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടെയും അമ്മയുടെയും ആത്മാര്‍ഥ സുഹൃത്തിന്റെയും നഷ്ടബോധം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.