Seasonal Reflections - 2024

ജോസഫ് - ഉണ്ണീശോയുടെ സഹയാത്രികൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 03-01-2021 - Sunday

പഴയ നിയമത്തിൽ, രാത്രിയില്‍ അഗ്നിസ്തംഭമായും, പകല്‍ മേഘത്തൂണായും ഇസ്രായേല്‍ ജനത്തോടൊപ്പം ദൈവം സഞ്ചരിച്ച ദൈവം (പുറപ്പാട് 13, 21) പുതിയ നിയമത്തിൽ മനുഷ്യവംശത്തോടൊപ്പം യാത്ര ചെയ്യാൻ മനുഷ്യനായി ഈ ഭൂമിയിൽ അവതരിക്കുന്നു. അതിൻ്റെ ദൃശ അടയാളമാണല്ലോ മനുഷ്യവതാരം ചെയ്ത ഉണ്ണിമിശിഹാ.

മനുഷ്യരോടൊപ്പം സഞ്ചരിച്ച ദൈവപുത്രൻ്റെ ഭൂമിയിലെ ആദ്യ സഹയാത്രികനായിരുന്നു ജോസഫ്. സഹയാത്രികൻ്റെ ഏറ്റവും വലിയ ദൗത്യം സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും കൂടെ ചരിക്കുക എന്നതാണ്. മനുഷ്യവതാര രഹസ്യത്തിൽ കാര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും ചഞ്ചലചിത്തനാകാതെ കൂടെ സഞ്ചരിച്ച നിരന്തര സാന്നിധ്യത്തിൻ്റെ പേരാണ് ജോസഫ് .

സഹയാത്രികൻ്റെ സാമിപ്യമാണ് യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്നതും യാത്രയെ മാധുര്യമുള്ളതാക്കുന്നതും. സഹയാത്രികൻ ഒരർത്ഥത്തിൽ സുരക്ഷയും പരിചയുമാണ്. കൂടെ നടക്കുന്നവൻ്റെ മനോഹിതം അറിഞ്ഞു കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സഹയാത്രികൻ. ദൈവപുത്രനായ ഉണ്ണിയേശുവിൻ്റെ ഹിതം അറിഞ്ഞ് നിഴൽ പോലെ കൂടെ നടന്ന ജോസഫ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെയെല്ലാം സഹയാത്രികനാണ്.

മുൻപിൽ നിന്നു നയിക്കുന്നവരുടെയും പിറകിൽ നിന്നു വിമർശക്കുന്നവരുടെയും ബാഹുല്യം മനസ്സിനെ തളർത്തുന്ന ഈ കാലത്ത് കൂടെ നടക്കുന്ന സഹയാത്രികരെയാണ് മനുഷ്യന് ഇന്നാവശ്യം. ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കുന്നവനും കരയുമ്പോള്‍ കൂടെക്കരയുന്നവനും നിഴല്‍ പോലെ അനുഗമിക്കുന്നവരുമായവർ. ഉണ്ണീശോയുടെ സഹയാത്രികൻ അതിനു നമ്മെ സഹായിക്കട്ടെ.


Related Articles »