Seasonal Reflections - 2024

ജോസഫ് - രക്ഷകനു പേരു നൽകിയവൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 05-01-2021 - Tuesday

മത്തായി സുവിശേഷമനുസരിച്ച് ദൈവപുത്രനു യേശു എന്നു പേരു നൽകിയത് യൗസേപ്പിതാവാണ്. "അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.(മത്തായി 1 : 25) .യേശു എന്ന വാക്കിൻ്റെ അർത്ഥം രക്ഷകൻ എന്നാണല്ലോ. രക്ഷകനു പേരു നൽകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. രക്ഷകനു പേരു നൽകിയ യൗസേപ്പ് മറ്റുള്ളവരുടെ സൽപ്പേരിനു കളങ്കം വരുത്താതെ ശ്രദ്ധിച്ചു ജീവിച്ച വ്യക്തിയായിരുന്നു. "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. " ( മത്തായി 1 : 19 ) എന്നാണ് തിരുവചനത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അപവാദം പ്രചരിപ്പിക്കലും പരദൂക്ഷണം പറയലും യൗസേപ്പിൻ്റെ ജീവിത ശൈലി ആയിരുന്നില്ല. മൗനിയായിരുന്ന ജോസഫ് മനസാക്ഷിയിൽ ദൈവസ്വരം ശ്രവിച്ച് സത്യം തിരിച്ചറിഞ്ഞിരുന്നു.

സാമ്രാജ്യങ്ങൾ വെട്ടിപിടിക്കാൻ പറ്റുന്ന സാമർഥ്യംകൊണ്ടു സൽപ്പേര് നേടാനാനോ നിലനിർത്താനോ കഴിയുകയില്ല. ഹൃദയത്തിൽ നന്മയുണ്ടെങ്കിലെ അതിനു കഴിയു. ഹൃദയത്തിൽ നന്മ കാത്തുസൂക്ഷിക്കുന്ന ഒരുവനും അപരനു തിന്മ വരുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കാൻ പോലും സാധിക്കില്ല.തെറ്റിധാരണകളുടെയും അഹംഭാവത്തിൻ്റെയും നിഴലിൽ മറ്റുള്ളവരുടെ സത് പേരിനു കളങ്കം വരുത്തി സ്വയം പ്രഖ്യാപിത നീതിമാനാരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തിൽ, ജോസഫിൻ്റെ ചൈതന്യത്തിലേക്കു നമുക്കു തിരിച്ചു നടക്കാം. രക്ഷകനു പേരു നൽകിയ ജോസഫിനെ അനുകരിച്ചു മറ്റുള്ളവരുടെ സൽപ്പേരിൻ്റെ രക്ഷകരായി നമുക്കു മാറാം.


Related Articles »