Seasonal Reflections - 2024

ജോസഫ് - ധ്യാനയോഗ പ്രാർത്ഥനയുടെ മാതൃക

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 09-01-2021 - Saturday

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2715 നമ്പറിൽ ധ്യാനയോഗ പ്രാർത്ഥനയെക്കുറിച്ച് (Contemplative Prayer) ഇപ്രകാരം പഠിപ്പിക്കുന്നു: "യേശുവിൽ ദൃഷ്ടി ഉറപ്പിച്ചു കൊണ്ടുള്ള വിശ്വാസത്തിൻ്റെ ഉൾക്കാഴ്ചയാണ് ധ്യാനയോഗ പ്രാർത്ഥന." വീണ്ടും 2724 ൽ "പ്രാർത്ഥനയുടെ രഹസ്യത്തിൻ്റെ ലളിതമായ ഒരാവിഷ്കാകാരമാണു ധ്യാനയോഗ പ്രാർത്ഥന. യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശ്വാസത്തിൻ്റെ ഒരു നോട്ടമാണത്. ദൈവവചനം ശ്രവിക്കലും നിശബ്ദ സ്നേഹവുമാണ്. "

ഈ അർത്ഥത്തിൽ ഒരു തികഞ്ഞ ധ്യാനയോഗിയായിരുന്നു ജോസഫ്. യേശുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ജോസഫിൻ്റേത്. ലോകത്തിലുള്ള ഒരു ശക്തിക്കും യേശുവിൻ്റെ തിരുമുഖത്തു നിന്നും ജോസഫിൻ്റെ ദൃഷ്ടി വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല. ദൈവ സ്വരം ശ്രവിച്ചുകൊണ്ടും നിശബ്ദമായി സ്നേഹിച്ചു കൊണ്ടും യൗസേപ്പിതാവ് വിശ്വസ്തനായി ജീവിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രസിദ്ധ ഗ്രന്ഥമാണ് എഡ്വേഡ് ഹീലി തോംസൻ്റ, ദ ലൈഫ് ആൻഡ് ഗ്ലോറിസ് ഓഫ് സെൻ്റ് ജോസഫ് (The Life and Glories of St. Joseph-1888) ഈ ഗ്രന്ഥത്തിൽ യൗസേപ്പിതാവിനെ സമാനതകളില്ലാത്ത ഒരു ധ്യാനയോഗിയായി ചിത്രീകരിച്ചിരിക്കുന്നു. അതിനു കാരണമായി തോംസൺ പറയുന്നത് യൗസേപ്പിതാവ് ധ്യാനാത്മകത്വം (contemplation) അതിൻ്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ നിരന്തരം ജീവിച്ചു എന്നതാണ്.

യൗസേപ്പിതാവ് ഈശോയെ നോക്കി, ഈശോ യൗസേപ്പിതാവിനെയും നോക്കി അങ്ങനെ ആ ജീവിതം വലിയ ഒരു പ്രാർത്ഥനയായി. യൗസേപ്പിതാവിനെ അനുകരിച്ച് നമ്മളെ നോക്കുന്ന ദൈവത്തിൻ്റെ ദൃഷ്ടികളിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം.


Related Articles »