News - 2024

കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിതരാക്കുന്ന ബില്ല് യു‌എസ് സംസ്ഥാനം പിൻവലിച്ചു

പ്രവാചക ശബ്ദം 03-02-2021 - Wednesday

നോർത്ത് ഡക്കോട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിതരാക്കുന്ന ബില്ല് അമേരിക്കയിലെ നോർത്ത് ഡക്കോട്ട സംസ്ഥാനം പിൻവലിച്ചു. 'എസ്ബി 2180' എന്ന പേരിലറിയപ്പെടുന്ന ബില്ല്, സ്പോൺസർ ചെയ്ത സെനറ്റർ ജൂഡി ലീ തന്നെയാണ് പിൻവലിച്ചത്. വൈദികരോ, മതനേതാക്കളോ കുമ്പസാരത്തിന്റെ സമയത്തോ, വ്യക്തിപരമായ സംഭാഷണത്തിന്റെ സമയത്തോ കുട്ടികൾക്ക് നേരെ ഉണ്ടായ അതിക്രമത്തെ പറ്റി അറിഞ്ഞാൽ അത് അധികൃതരെ അറിയിക്കണമെന്ന വ്യവസ്ഥ ബില്ലിൽ ഉണ്ടായിരുന്നു. ബില്ല് കൊണ്ടുവരാൻ ഉണ്ടായ സാഹചര്യത്തെ പറ്റിയോ, അതിന്റെ ലക്ഷ്യത്തെപ്പറ്റിയോ ആളുകൾക്ക് മനസ്സിലായിട്ടില്ലെന്നും അതിനാലാണ് ബില്ല് പിൻവലിക്കുന്നതെന്നും ജൂഡി ലീ പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള ഇപ്പോഴത്തെ നിയമം അനുസരിച്ച് കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ഒരു ആത്മീയ ഉപദേശകൻ എന്ന നിലയിൽ ശ്രവിച്ചാൽ അത് റിപ്പോർട്ട് ചെയ്യേണ്ടതില്ല. ജൂഡി ലീയുടെ ഉദ്ദേശലക്ഷ്യം തങ്ങൾ അംഗീകരിക്കുന്നുവെന്നും, എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ ന്യായമായിട്ടുള്ളതല്ലായെന്നും വ്യക്തമാക്കികൊണ്ട് നോർത്ത് ഡക്കോട്ടയിലെ മെത്രാൻ സമിതി വെള്ളിയാഴ്ച പ്രസ്താവന ഇറക്കിയിരിന്നു. ബില്ലിനെതിരെ ശബ്ദമുയർത്താൻ സെനറ്റർമാരോട് ആവശ്യപ്പെടാൻ തയ്യാറായ എല്ലാ ആളുകളെയും മെത്രാൻ സമിതി അംഗങ്ങൾ അഭിനന്ദിച്ചു. നേരത്തെ ബില്ലിലെ വ്യവസ്ഥകൾ മതസ്വാതന്ത്ര്യ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് രൂപതയിലെ വിശ്വാസികൾക്ക് മെത്രാൻ സമിതി കത്തയച്ചിരുന്നു. ബിസ്മാർക്കിലെ മെത്രാനായ ഡേവിഡ് കാഗനും വിഷയത്തില്‍ തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »