News - 2025

സ്ഥാനത്യാഗം ചെയ്യുവാന്‍ ആലോചിച്ചിട്ടില്ലെന്നു മാര്‍പാപ്പ; വിദ്യാഭ്യാസ സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വത്തിക്കാനില്‍ നല്‍കപ്പെട്ടു

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

വത്തിക്കാന്‍: വത്തിക്കാനിന്റെ വിദ്യാഭ്യാസ പ്രോജക്റ്റുകള്‍ക്ക് നല്‍കിയ സംഭാവന മുന്‍നിര്‍ത്തി മൂന്നു പേര്‍ക്ക് പ്രത്യേക മെഡലുകള്‍ നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചു. ലോകപ്രശസ്ത സിനിമ നടന്‍ ജോര്‍ജ് ക്ലൂനി, സല്‍മ ഹയേക്ക്, റിച്ചാര്‍ഡ് ഗിരേ എന്നിവരെയാണ് മെഡലുകള്‍ നല്‍കി പാപ്പ ആദരിച്ചത്. വത്തിക്കാനിലെ സിനഡ് ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവാര്‍ഡുകള്‍ നല്‍കപ്പെട്ടത്. ആഗോള തലത്തില്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് 'സ്‌കോളാസ് ഒക്കുറാന്‍ഡസിന്റെ' ലക്ഷ്യം. ചടങ്ങിനോട് അനുബന്ധിച്ച് മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരവും ഉണ്ടായിരുന്നു.

ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്‍തുടര്‍ന്ന് പോപ് പദവിയില്‍ നിന്നും വിരമിക്കുമോ എന്ന യുവാവിന്റെ ചോദ്യത്തിനു അത്തരത്തില്‍ ചിന്തിച്ചിട്ടേയില്ലെന്നായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ മറുപടി. "നിരവധി ഉത്തരവാദിത്തങ്ങള്‍ എന്നില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തന്നെ പോപ് പദവിയില്‍ നിന്നും ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല". പാപ്പ പറഞ്ഞു. 600 വര്‍ഷത്തെ സഭയുടെ ചരിത്രത്തിനിടെ മാര്‍പാപ്പ സ്ഥാനത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ വ്യക്തിയാണു ബനഡിക്ടറ്റ് പതിനാറാമന്‍. 2013-ല്‍ ആണു ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തത്.

82 രാജ്യങ്ങളിലായി നാലു ലക്ഷം കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കലാപരമായ പരിപാടികളുടെ അംബാസിഡറുമാരാകാമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ മൂന്നു പേരും മാര്‍പാപ്പയെ അറിയിച്ചു. നിരവധി പേരുടെ സാക്ഷ്യങ്ങളും മധുരകരമായ സംഗീതവും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ ചടങ്ങാണു വത്തിക്കാന്‍ സിനഡ് ഹാളില്‍ നടന്നത്. മാര്‍പാപ്പയോടു ചോദ്യങ്ങള്‍ നേരിട്ടു ചോദിക്കുവാനുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉത്ഘാടനവും പരിപാടിയോട് അനുബന്ധിച്ചു തന്നെ നടത്തപ്പെട്ടു.


Related Articles »