News

ഐഎസ് ശക്തി ചോരുന്നു; കുര്‍ദ് സൈന്യം തന്ത്രപ്രധാന മേഖലകള്‍ തിരികെ പിടിക്കുന്നു

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് തീവ്രവാദികള്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നില്‍ മുട്ട് മടക്കുന്നു. ഇറാക്കിലെ സര്‍ക്കാര്‍ സൈന്യവും കുര്‍ദ് വിഭാഗത്തിന്റെ സൈനിക ശാഖയായ 'പെഷ്‌മേര്‍ഗയും' ചേര്‍ന്നാണ് ഐഎസ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഐഎസ് തീവ്രവാദികള്‍ 2014-ല്‍ പിടിച്ചടക്കിയ നിരവധി ഗ്രാമങ്ങള്‍ കുര്‍ദുകളുടെയും സര്‍ക്കാര്‍ സൈന്യത്തിന്റെയും ആക്രമണത്തിലൂടെ തിരിച്ചു പിടിച്ചു കഴിഞ്ഞു. ഫലൂജ പോലെ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളായി നിലകൊണ്ടിരുന്ന പല സ്ഥലങ്ങളും സൈന്യം ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിലൂടെ മോചിപ്പിച്ചു വരികയാണ്. ഇതെ രീതിയില്‍ മുന്നേറുവാന്‍ കഴിഞ്ഞാല്‍ ഐഎസിനെ ഇറാക്കിലും സിറിയയിലും ഉടന്‍ തന്നെ തുടച്ചു മാറ്റുവാന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ വിശ്വാസം. സിറിയയിലെ പോരാട്ടങ്ങള്‍ക്ക് സൈന്യത്തെ റഷ്യയും മറ്റും സഹായിക്കാറുമുണ്ട്.

പെഷ്‌മേര്‍ഗയുടെ ആക്രമണത്തെ ചെറുക്കുവാന്‍ ഐഎസ് ചാവേറുകളെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ ഇറക്കിയിരിക്കുകയാണ്. സൈനികരുടെ സമീപത്തേക്ക് ഇത്തരം വാഹനങ്ങള്‍ ഓടിച്ചു കയറ്റിയാണ് അവര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ പെഷ്‌മേര്‍ഗയുടെ സൈന്യത്തിനു കഴിയുന്നുണ്ട്. കാനഡ, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യം ഇതിനുള്ള പ്രത്യേക പരിശീലനം പെഷ്‌മേര്‍ഗയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഇറാക്കി സൈന്യത്തിന്റെ കൈയില്‍ നിന്നും ആക്രമണത്തിലൂടെ ഐഎസ് നിരവധി ആയുധങ്ങള്‍ കൈവശമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് ഐഎസ് പല ആക്രമണങ്ങളും നടത്തുന്നത്. എന്നാല്‍ കുര്‍ദുകളുടെ സൈനിക വിഭാഗമായ പെഷ്‌മേര്‍ഗയ്ക്ക് ആവശ്യത്തിന് ആയുധങ്ങള്‍ ഇല്ലെന്ന പോരായ്മയും ഉണ്ട്. അന്താരാഷ്ട്ര സഹായത്തിലൂടെയാണ് ഐഎസിനെതിരെയുള്ള ആക്രമണത്തില്‍ അവര്‍ മുന്നേറുന്നത്. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഐഎസ് പോരാളികളെ മാറ്റിയെടുക്കുകയാണ്. ആക്രമണത്തില്‍ മരിക്കുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്ന് അവര്‍ പോരാളികളെ പറഞ്ഞു പഠിപ്പിക്കുന്നു. ഇതിനാല്‍ തന്നെ തീവ്രവാമായ വികാരത്തോടെയാണ് ഐഎസ് അനുഭാവികള്‍ പോരാട്ട ഭൂമിയില്‍ മരിക്കുവാനും മറ്റുള്ളവരെ കൊലപ്പെടുത്തുവാനും ഇറങ്ങുന്നത്.

ഐഎസ് തീവ്രവാദികളുടെ ശക്തി കേന്ദ്രമായ മൊസൂള്‍ തിരിച്ചു പിടിക്കുക എന്നത് കഠിനമായ ജോലിയാണെന്നും സൈന്യം പറയുന്നു. മൊസൂളില്‍ ഉണ്ടായിരുന്ന നിരവധി ക്രൈസ്തവ ആശ്രമങ്ങളും പള്ളികളും ഐഎസ് മുമ്പേ തകര്‍ത്തിരുന്നു. ക്രൈസ്തവരെ പ്രധാനമായും ലക്ഷ്യം വച്ച് ഐഎസ് നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതി സിറിയയിലെ കുട്ടികള്‍, തീവ്രവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന പ്രാര്‍ത്ഥന നടത്തുവാന്‍ ഇരിക്കുകയുമാണ്. ഐഎസിന്റെ ശക്തി കുറഞ്ഞു വരുന്നതിനെ സന്തോഷത്തോടെയാണു സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും നോക്കി കാണുന്നത്.


Related Articles »