News

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ISIS നീക്കത്തിനെതിരെ കർദ്ദിനാൾ നിക്കോൾസ് മുന്നറിയിപ്പ് നൽകുന്നു

സ്വന്തം ലേഖകൻ 28-01-2016 - Thursday

സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ, പ്രത്യേകിച്ച് അസന്തുഷ്ടരായ വിദ്യാർത്ഥികളെ, ഇന്റർനെറ്റ് മുഖേന, ISIS വല വീശി പിടിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്.

സ്കൂളുകളിലെയും കോളേജുകളിലെയും കാത്തലിക് അദ്ധ്യാപകർക്കു വേണ്ടി, ഇന്ന് ലണ്ടനിൽ വച്ചു നടക്കുന്ന യോഗത്തിൽ, കർദ്ദിനാൾ നടത്താൻ പോകുന്ന പ്രഭാഷണം ചൊവ്വാഴ്ച്ച തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

വിദ്യാർത്ഥികൾ ഇസ്ലാമിക് തീവ്രവാദികളുടെ വലയിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാർത്ഥികളുടെ നിഷ്ക്കളങ്കത , ഒറ്റപ്പെടൽ, കുടുംബത്തിലെ ധാർമ്മികതയുടെ തകർച്ച, ഇതോടൊപ്പം, ഇന്റർനെറ്റിന്റെ ലഭ്യത- ഇതെല്ലാം തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായകമായി മാറുകയാണ്.

ISIS-ൽ ചേരുന്നതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പലരുമായും താൻ സംസാരിച്ചിട്ടുണ്ട് എന്ന് കർദ്ദിനാൾ അറിയിച്ചു. 14-15 വയസുള്ള അസന്തുഷ്ടരായ കുട്ടികൾ വളരെ പെട്ടന്ന് ഇസ്ലാമിക് ഭീകരതയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.

ഒരു മാസത്തെ പരിശീലനത്തോടെ വിദ്യാർത്ഥികൾ എല്ലാം ഉപേക്ഷിച്ച്, ISIS-നു വേണ്ടി ചാവേറുകളാകാൻ പോലും തയ്യാറാകുന്നവരായി മാറ്റപ്പെടുന്നു.

പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഒരു പെൺകുട്ടി, കുടുംബ ബന്ധങ്ങളിലെ തകർച്ചമൂലം ഒറ്റപ്പെട്ടപ്പോൾ, ISIS-ലേക്ക് തിരിയാൻ ശ്രമിച്ചത് അദ്ദേഹം എടുത്തു പറയുന്നുണ്ട്. അവസാന നിമിഷത്തിലാണ് അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞത്.

തീവ്രവാദികളുടെ നശീകരണ പ്രവർത്തനങ്ങൾ ഇത്തരം വിദ്യാർത്ഥികൾക്ക് സ്വന്തം സമൂഹത്തോടുള്ള വിദ്വേഷം തീർക്കാനുള്ള വേദികളായി മാറുകയാണ്.

കുടുംബത്തിൽ നിന്നുമുള്ള ധാർമ്മിക പാഠങ്ങളുടെ അഭാവത്തിൽ, തീവ്രവാദികൾ അവരുടെ 'പ്രമേയങ്ങൾ ബാലമനസുകളിൽ എഴുതിച്ചേർക്കാൻ ശ്രമിക്കുന്നു. അത് അവർക്ക് എളുപ്പത്തിൽ കഴിയുകയും ചെയ്യുന്നു.

കുടുംബത്തിനും സമൂഹത്തിനും തന്നെ ആവശ്യമില്ല എന്ന നിരാശാബോധത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ചെറുപ്പക്കാരുടെ മുന്നിലേക്ക്, പ്രവർത്തിക്കാനും പങ്കാളികളാകാനുമുള്ള അവസരമാണ് lSIS ഇട്ടു കൊടുക്കുന്നത്.

വിദ്യാർത്ഥികളുടെ മനസ്സിൽ നന്മ നിറയ്ക്കുക എന്നത് ക്രൈസ്തവവിദ്യാഭ്യാസ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. യേശുവിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴി ആകർഷകമാക്കി, അതിലൂടെ ചെറുപ്പക്കാരെ നയിക്കേണ്ട ഉത്തരവാദിത്വമാണത്.

വിദ്യാഭ്യാസ പ്രവർത്തകർ ആ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് അനുസരിച്ചായിരിക്കും അവരുടെ പ്രവർത്തന വിജയം വിലയിരുത്തപ്പെടുന്നത്.

ഇതേവരെ ഏകദേശം 700 ബ്രിട്ടീഷ് മുസ്ലിംങ്ങൾ ഇറാക്കിലും സിറിയയിലും പോയി ISIS-ൽ ചേർന്നിട്ടുണ്ട് എന്നാണ് പോലീസിന്റെ കണക്ക്. അതിൽ നൂറു പേർ കൊല്ലപ്പെട്ടു. അനവധി പേർ തിരിച്ച് വന്നിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ, കുപ്രസിദ്ധനായ ജിഹാദാ ജോൺ ഉൾപ്പെടുന്നു. ബ്രിട്ടീഷ് വംശജനായ ഇയാൾ അനവധി അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ വീഡിയോകൾ ISIS പ്രസിദ്ധീകരിച്ചിരുന്നു. ഇയാൾ നവംബറിൽ ഒരു US ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

സ്കൂളുകളിൽ നിന്ന് ഇന്ന്ലാമിക് തീവ്രവാദം ഇല്ലായ്മ ചെയ്യാൻ, സ്വാതന്ത്യം, സഹിഷ്ണുത, എന്നിവ ചെറുപ്പത്തിൽ തന്നെ പഠനവിഷയമാക്കണമെന്ന് ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ളത് അവസരോചിതമാണെന്ന് കർഡിനാൾ അഭിപ്രായപ്പെടുന്നു.

(Source: Catholic Herald)


Related Articles »