News - 2024

ISIS നടത്തുന്ന അതിക്രമങ്ങൾ വംശഹത്യയാണന്ന് അമേരിക്ക

അഗസ്റ്റസ് സേവ്യർ 16-03-2016 - Wednesday

മദ്ധ്യപൂർവ്വദേശത്ത് ISIS നടത്തുന്ന അതിക്രമങ്ങൾ വംശഹത്യയാണന്ന് U.S- House of Representatives വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചു. ക്രൈസ്തവർ, യെസ്ഡികൾ, ടുർക്കികൾ, കുർദ്ദുകൾ എന്നീ മത ന്യൂനപക്ഷങ്ങൾക്കെതിരെ ISIS നടത്തുന്ന അതിക്രമങ്ങളെ 'വംശഹത്യ' എന്ന് നാമകരണം ചെയ്യപ്പെടുന്നതോടെ, അതിൽ പങ്കെടുക്കുന്ന എല്ലാവരും അന്താരാഷ്ട സമൂഹത്തിന് മുമ്പിൽ കുറ്റവാളികളായി തീരാനുള്ള വഴി തുറക്കുകയാണ്.

എതിർപ്പുകളില്ലാതെ 393-0 വോട്ടിനാണ് House of Representatives ഈ പ്രമേയം പാസാക്കിയത്. എട്ടാം നൂറ്റാണ്ടിലെ കാട്ടാളന്മാർ 21-ാം നൂറ്റാണ്ടിലെ ആയുധങ്ങളുപയോഗിച്ച് മദ്ധ്യപൂർവ്വദേശത്ത് അവരുടെ കാട്ടുനീതി നടപ്പാക്കുന്നതാണ് നാം കാണുന്നതെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഫ്രോട്ടൻബറി MP പറഞ്ഞു.

അതേസമയം ISIS-ന്റെ കാട്ടുനീതിയെയും ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനെയും അപലപിച്ചുകൊണ്ടുള്ള ഒരു ഓൺലൈൻ പ്രമേയത്തിൽ (www.stopthechristiangenocide.org) ക്രൈസ്തവരെല്ലാം ഒപ്പുവയ്ക്കണമെന്ന് യു.എസ്. ബിഷപ്പ്സ് കോൺഫ്രൻസിന്റെ തലവൻ ആർച്ച് ബിഷപ്പ്‌ ജോസഫ് കർട്ട്സ് അഭ്യർത്ഥിച്ചു. "മദ്ധ്യപൂർവ്വദേശത്തുള്ള പൗരാണിക ക്രൈസ്തവ പാരമ്പര്യം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും രക്തസാക്ഷികളുടെ എണ്ണം കൂടി വരികയാണ്." അദ്ദേഹം പറഞ്ഞു.

മദ്ധ്യപൂർച്ച ദേശത്തെ കൂട്ടക്കുരുതി വംശഹത്യയാണോ എന്ന് മാർച്ച് 17-ാം തിയതി യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിക്കാനിരിക്കെയാണ് പാർലിമെന്റിലും ഓൺലൈൻ പോർട്ടലിലും അതിനു വേണ്ടിയുള്ള പ്രചാരണം നടന്നത്.

'ഇറാക്കിലും സിറിയയിലും ഇസ്ലാമിക്ക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന കൊലപാതകം, ലൈംഗിക അടിമത്തം, മറ്റ് അതിക്രമങ്ങൾ എന്നിവയുടെയെല്ലാം ഒരു റിപ്പോർട്ട് 'Knights of Columbus' എന്ന സംഘടന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്.

വംശഹത്യാ വാദം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചാൽ അതു മറ്റു പല രാജ്യങ്ങൾക്കും പ്രേരകമായി തീരാം. അങ്ങനെ പല രാജ്യങ്ങളും വംശഹത്യ വാദം അംഗീകരിച്ചാൽ അത് യുണൈറ്റഡ് നേഷൻസിന് പ്രശ്നത്തിൽ ഇടപെടാനുള്ള അവസരം നൽകും. യൂറോപ്യന്‍ യൂണിയൻ പാർലിമെന്റ് കഴിഞ്ഞ മാസം തന്നെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ 'വംശഹത്യ' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

ഇറാക്കിലെ എർബിലിൽ, മാർ ഏലിയ അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന ഫാദർ ഡഗ്ലസ് അൽ ബസ്സി പറഞ്ഞു: "ലോകത്തെ സത്യം അറിയിക്കാനുള്ള വാക്ക് അതു തന്നെയാണ്- വംശഹത്യ." അതു കൊണ്ട് മാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ല; എങ്കിലും പ്രശ്നപരിഹാരത്തിന്റെ തുടക്കം കുറിക്കാനാവും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണെന്നും 'കണ്ണിനു കണ്ണ്' എന്ന കാട്ടുനീതി തങ്ങൾ അംഗീകരിക്കുന്നില്ല എന്നും, വഴിതെറ്റി സഞ്ചരിക്കുന്ന മുസ്ലീങ്ങളോട് ഞങ്ങൾ ക്ഷമിക്കുന്നുവെന്നും, ആയുധം താഴെ വച്ച് സമാധാനത്തിലേക്ക് മടങ്ങാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

(Source: EWTN News)