News - 2025
ഇത് പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍: പാപ്പ ആഹ്വാനം ചെയ്ത 'കർത്താവിനായി 24 മണിക്കൂർ' ആചരണം വൈകീട്ട് സമാപിക്കും
പ്രവാചക ശബ്ദം 13-03-2021 - Saturday
വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ഏറ്റെടുത്തുക്കൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ 'കർത്താവിനായി 24 മണിക്കൂർ' ആചരണത്തില്‍ പങ്കുചേരുന്നു. ഈ വര്‍ഷം മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാനാണ് പരിശുദ്ധ പിതാവിന് വേണ്ടി വത്തിക്കാനിലെ നവസുവിശേഷവൽകരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നേരത്തെ ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇതിന്‍ പ്രകാരം ഇന്നലെ വൈകീട്ട് ആരംഭിച്ച പ്രാര്‍ത്ഥനായത്നം ഇന്നു വൈകീട്ട് സമാപിക്കും. "അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്‌ഷമിക്കുന്നു" (സങ്കീർത്തനം 103:3) എന്ന വചനമാണ് ഈ വര്‍ഷത്തെ പ്രമേയം. പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കും, കുമ്പസാര കൂദാശ പരികർമ്മം ചെയ്യാനും വൈദികര്‍ ദേവാലയത്തില്‍ സന്നദ്ധരായിരിക്കണമെന്ന് പരിശുദ്ധ സിംഹാസനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ദൈവത്തോട് അനുരഞ്ജനപ്പെടാനും ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രത്യേക ആഹ്വാനം നല്‍കുന്ന ഈ സമയങ്ങളില്‍ ലോകത്തിലെ എല്ലാ രൂപതകളിലും ഒരു ദേവാലയമെങ്കിലും 24 മണിക്കൂര്‍ തുറന്ന് വയ്ക്ക്ണമെന്ന് പാപ്പ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2014-ൽ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതി വത്തിക്കാനിൽ പ്രാദേശികസഭാതലത്തിൽ തുടങ്ങിവച്ച ഈ ആചരണം സഭയിൽ മുഴുവൻ വേണമെന്ന് 2015-ലെ നോമ്പുകാല സന്ദേശത്തിലാണ് ആഹ്വാനം നല്‍കിയത്. ഇതേ തുടര്‍ന്നു പൊന്തിഫിക്കൽ സമിതിയാണ് പ്രമേയവും അനുബന്ധ പ്രാര്‍ത്ഥനകളും അടക്കമുള്ള കാര്യങ്ങള്‍ ഓരോ വര്‍ഷവും ഏകോപിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക