Seasonal Reflections - 2024

യൗസേപ്പിതാവിൻ്റെ നീരുറവ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 20-03-2021 - Saturday

ഫ്രാൻസിലെ കോറ്റിഗ്നാക് (Cotignac) എന്ന സ്ഥലത്തു നിർഗളിക്കുന്ന യൗസേപ്പിതാവിൻ്റെ നീരുറവയാണ് ഇന്നത്തെ ചിന്താവിഷയം.

യൗസേപ്പിതാവിൻ്റേതായി സഭ അംഗീകരിച്ചിരിക്കുന്ന ഈ ദർശനം സംഭവിച്ചത് 1660 ജൂൺ മാസം ഏഴാം തീയതിയാണ്. വളരെ ചൂടുള്ള ഒരു വേനക്കാല ദിനം ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള ഗാസ്പാർഡ് റിക്കാഡ് എന്നു ആട്ടിടയൻ ആടുകളെ മേയ്ക്കാനായി പുറപ്പെട്ടു. കടുത്ത ചൂടിനാൽ കൈവശം കരുതിയിരുന്ന ജലം തീർന്നു പോയിരുന്നു. കലശലായ ദാഹം അവനെ അലട്ടാൻ തുടങ്ങി. സമീപത്തൊന്നും കിണറോ അരുവിയോ ഉണ്ടായിരുന്നില്ല. ദാഹത്താൽ വലഞ്ഞ് റിക്കാർഡ് പുൽമേട്ടിൽ തളർന്നിരുന്നു. പൊടുന്നനേ പ്രായമുള്ള ഒരു വ്യക്തി അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് വലിയൊരു പാറക്കല്ല് ചൂണ്ടിക്കാട്ടി പറഞ്ഞു : ഞാൻ ജോസഫാണ്, അത് ഉയർത്തുക നിനക്കു ജലം ലഭിക്കും.”

വലിയ പാറക്കല്ല് തനിയെ ഉയർത്തി മാറ്റാൻ കഴിയില്ലന്നു റിക്കാർഡിനു അറിയാമായിരുന്നെങ്കിലും വൃദ്ധനായ മനുഷ്യൻ്റെ വാക്കു കേട്ടു പരിശ്രമിക്കാൻ തീരുമാനിച്ചു. അധികം ആയാസപ്പെടാതെ തന്നെ പാറക്കല്ല് അവൻ ഉരുട്ടി മാറ്റി, പൊടുന്നനെ ഒരു നീരുറവ അതിനടിയിൽ നിന്നു പുറപ്പെട്ടു.

ജലം കണ്ട വലിയ സന്തോഷത്തിൽ അപരിചിതനോടു നന്ദി പറയാനായി നോക്കിയപ്പോൾ അദ്ദേഹം അപ്രത്യക്ഷനായിരുന്നു. നടന്ന സംഭവം ഗ്രാമ വാസികളെ അറിയിച്ച റിക്കാർഡ് ആവശ്യനേരത്തു സഹായിക്കുന്ന വിശുദ്ധ യൗസേപ്പിതാവിൻ്റെ നന്മയുടെ വലിയ പ്രചാരകനായി.

അന്നു മുതൽ ഈ നീരുറവ ശാരീരികവും മാനസികവുമായ നിരവധി അത്ഭുതങ്ങൾക്കു കാരണഭൂതമായി. 1662 ൽ അവിടെ നടന അത്ഭുതങ്ങളെപ്പറ്റി ഫാ. അല്ലാർഡ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "യൗസേപ്പിതാവിൻ്റെ നീരുറവയിൽ നിന്നു വരുന്ന ജലം അത്ഭുതങ്ങൾ കൊണ്ടു വരുന്നു. അവിഞ്ഞോണിൽ നിന്നു അവിടെ എത്തിയ എനിക്കറിയാവുന്ന മുടന്തുള്ള ഒരു മനുഷ്യൻ, ഈ അത്ഭുത നീരുറവയിൽ വരുകയും സുഖമാക്കപ്പെടുകയും ചെയ്തു." 1663 വിശുദ്ധ യൗസേപ്പിതാവിനോടുള്ള നന്ദി സൂചകമായി ഒരു ദൈവാലയം (St. Joseph Monastery of Besillon) അവിടെ നിർമ്മിച്ചു.

യൗസേപ്പിതാവിൻ്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ അഭയം തേടാൻ മടി കാണിക്കരുത്. അവൻ നമ്മുടെ കാര്യത്തിൽ സദാ ശ്രദ്ധാലുവാണ്.


Related Articles »