India - 2025
കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: അറസ്റ്റിലായ പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു
പ്രവാചക ശബ്ദം 03-04-2021 - Saturday
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി ഉള്‍പ്പടെയുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഏപ്രില്‍ ആറ് വരെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് റെയില്‍വേ പോലീസിന് തെറ്റായ വിവരം നല്‍കിയ അജയ് ശങ്കര്‍, അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരാണ് റിമാന്‍ഡിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ യുപി പോലീസ് ശ്രമം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലാണ് മൂന്ന് പേരും പിടിയിലായത്.
അതേസമയം പ്രതികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപിബജ്‌റംഗ്ദള്‍ പ്രവര്‍ത്തരായിരുന്നു സംഭവത്തിന് പിന്നില്‍. മതിയായ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും ഇവരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്‌റ്റേഷനില്‍ രാത്രിവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.