News

ബ്രിട്ടനില്‍ ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ തടഞ്ഞു: പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം

പ്രവാചക ശബ്ദം 06-04-2021 - Tuesday

ബൽഹാം: ബ്രിട്ടനിലെ ബൽഹാമിലുളള പോളിഷ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്രൈസ്റ്റ് ദ കിംഗ് എന്ന കത്തോലിക്കാ ദേവാലയത്തിലാണ് ഏപ്രിൽ രണ്ടാം തീയതി പോലീസ് അതിക്രമിച്ചു കടന്ന് ആരാധന നിർത്തി വിശ്വാസികളോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടത്. തിരികെ മടങ്ങാൻ തയ്യാറായില്ലെങ്കിൽ പിഴ ശിക്ഷയോ, അറസ്റ്റോ നേരിടേണ്ടി വരുമെന്നും കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ അധികാര പരിധിക്ക് അപ്പുറമുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് ക്രൈസ്റ്റ് ദ കിംഗ് ദേവാലയ അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥൻ ദേവാലയത്തിലെ പ്രസംഗപീഠത്തിൽ പ്രവേശിച്ച് നിയമവിരുദ്ധമായിട്ടാണ് വിശ്വാസികൾ ദേവാലയത്തിൽ ഒത്തു ചേർന്നിരിക്കുന്നത് എന്ന് പറയുന്ന ദൃശ്യങ്ങള്‍ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. പക്ഷപാതപരമായ സമീപനമാണ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് കാണിച്ചതെന്ന് ദേവാലയത്തിലെ സഹ വികാരിയായ ഫാ. അലക്സാണ്ടർ ഡാസിക് എന്ന വൈദികൻ കാത്തലിക് ന്യൂസ് ഏജൻസിയോട് ശനിയാഴ്ച പറഞ്ഞു. ക്രൈസ്തവർക്ക് പരിപാവനമായ ദിവസം ഇത്തരമൊരു അതിക്രമം നടന്നതിലുള്ള വിഷമം അദ്ദേഹം പങ്കുവെച്ചു. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും പോളിഷ് കാത്തലിക് മിഷന്റെ ഭാഗമായുള്ള ദേവാലയം സൗത്ത് വാർക്ക് അതിരൂപതയിലാണ് സ്ഥിതിചെയ്യുന്നത്.

അതിരൂപതയുടെ ആർച്ച് ബിഷപ്പായ ജോൺ വിൽസൺ സംഭവത്തിന് പിന്നാലെ ശനിയാഴ്ച ദേവാലയത്തിൽ ഇടയ സന്ദർശനം നടത്തിയിരുന്നു. വൈദികരുമായും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയ ബിഷപ്പ് തന്റെ പിന്തുണ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവാലയ അധികൃതർ പറഞ്ഞു. പരാതി നൽകാൻ വിശ്വാസികളോടും അധികൃതർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ വിശുദ്ധ വാരത്തിൽ തിരുക്കർമ്മങ്ങൾ നടത്താൻ ഇംഗ്ലണ്ടിലെ മെത്രാൻ സമിതി അനുമതി നൽകിയിരുന്നതായും അവർ ചൂണ്ടിക്കാട്ടി.


Related Articles »