India - 2025
പുതുഞായര്‍ തിരുനാളില്‍ വിശ്വാസികള്‍ മലയാറ്റൂരിലേക്ക്
പ്രവാചക ശബ്ദം 11-04-2021 - Sunday
മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ഇന്നു നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തിരുനാളാഘോഷം. പ്രധാനദിനമായ ഇന്നു വിശ്വാസികളുടെ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ മാത്രമേ കുരിശുമുടി കയറാന്‍ അനുവാദമുള്ളൂ. അത്ഭുതനീരുറവയില്‍നിന്നു വെള്ളം കോരി എടുക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല. തീര്‍ഥാടകര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് മാസ്‌ക് ധരിച്ച്, അകലം പാലിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ചുവേണം മലകയറേണ്ടതെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു.
സെന്റ് തോമസ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം അങ്ങാടി പ്രദക്ഷിണം നടന്നു. കുരിശുമുടിയില്‍ ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പൊന്‍പണമിറക്കല്‍ എന്നിവ നടക്കും. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും ഏഴിനും കുര്‍ബാന, 9.30 ന് ആഘോഷമായ പാട്ടുകുര്‍ബാന ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, വചനസന്ദേശം ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍. വൈകുന്നേരം അഞ്ചിന് പൊന്‍പണം എത്തിച്ചേരല്‍, ആറിന് ആഘോഷമായ കുര്‍ബാന എന്നിവ നടക്കും.